സാമൂഹിക ജീവിതം ഇസ്ലമിന്റെ മുഖമുദ്ര
Sunday, October 9, 2016 6:55 AM IST
അബാസിയ: മതത്തിന്റെ സന്തുലിത ജീവിത വീക്ഷണം തിരസ്കരിച്ചതും സമഗ്രവും സന്തുലിതവുമായ ജീവിത ദർശനം എന്ന നിലയില് ഇസ്ലാമിനെ ഉൾക്കൊള്ളാത്തതുമാണ് മുസ്ലിം സമൂഹത്തിനകത്ത് ഇന്ന് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് കാരണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ. മത തീവ്രതക്കും ഭീകരതക്കുമെതിരെ എന്ന പ്രമേയത്തില് കെഐജി നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റി അബാസിയ്യ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന പൊതുസമ്മേളനത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാമൂഹിക ജീവിതമാണ് ഇസ്ലാമിന്റെ മുഖമുദ്ര. സാമൂഹിക ബാധ്യതകളിൽ നിന്ന് ഒളിച്ചോടുക ഇസ്ലാമിക അധ്യാപനമല്ല. മത തീവ്രതയും ഭീകരതയും മനുഷ്യരാശിക്ക് അത്യന്തം ആപത്ക്കരമാണെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തില് മൈത്രിയും സൗഹാർദ്ദവും സമാധാനവും നിലനില്ക്കുന്ന സാഹചര്യം സൃഷ്‌ടിക്കാന് പരിശ്രമിക്കണം. ഭീകര പ്രവർത്തനങ്ങള് മതാധ്യാപനങ്ങൾക്ക് നിരക്കുന്നതല്ലെന്നും മനുഷ്യത്വത്തിലും മാനവികതയിലും വിശ്വസിക്കുന്ന ഒരാൾക്കും അതിനെ അനുകൂലിക്കാന് കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സ്വാർഥ താല്പര്യങ്ങൾക്കായി സാമ്രാജ്യത്വ ശക്‌തികൾ ഉണ്ടാക്കിയ അകാരണമായ മുസ്ലിം പേടിയാണ് ഇസ്ലാമോഫോബിയ എന്ന പേരിൽ ഇന്ന് ലോകത്ത് പലരെയും ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെഐജി കെഐജി പ്രസിഡന്റ് ഫൈസല് മഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീര് ഹുസൈൻ തുവ്വൂർ സമാപനം നിരവഹിച്ചു. കുവൈത്തിലെ മത, സാംസ്കാരിക, രാഷ്ര്‌ടീയ രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി പി.ടി. ശരീഫ് സംസാരിച്ചു. ആമിർ നിയാസ് ഖിറാഅത്ത് നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ