പ്രവാസികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് വേണം
Sunday, October 9, 2016 6:55 AM IST
ദമാം: മുൻപെങ്ങും കാണാത്തവിധം വലിയതോതിൽ ജോലി നഷ്‌ടപ്പെട്ട് ഗൾഫു നാടുകളിൽ നിന്ന് മലയാളികൾ അടക്കമുള്ള പ്രവാസികൾ കാര്യമായ നീക്കിയിരിപ്പൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങുകയാണ്. പലരും രാവിലെ ജോലിസ്‌ഥലത്ത് എത്തുമ്പോഴാണ് ജോലി നഷ്‌ടപ്പെട്ട വിവരം അറിയുന്നതു തന്നെ. യാതൊരു കരുതലും ഇല്ലാതെ നാട്ടിൽ എത്തുന്നവരുടെ കൈവശം കുട്ടികളുടെ വിദ്യാഭ്യാസത്തിനുപോലും പണം ഉണ്ടാവില്ല. ഇക്കാര്യത്തിൽ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ പ്രവർത്തക കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൺവൻഷനിൽ പ്രമുഖ മാധ്യമ പ്രവർത്തകനും സവയുടെ പ്രസിഡന്റുമായ സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി റിയാസ് ഇസമായിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോഷി ബാഷ പ്രമേയവും സയിദ് ഹമദാനി റിപ്പോർട്ടും അവതരിപ്പിച്ചു. ബൈജു കുട്ടനാട്, ജോർജ് നെറ്റോ, യഹിയ കോയ, കെ.കൃഷ്ണകുമാർ, നസീർ അലി പുന്നപ്ര, റോയ് കല്ലിശേരി, പോൾപൗലോസ്, റാസി ഷെയ്ഖ് പരിത്, കെ.വി. മാത്യു,ഗോപാലകൃഷ്ണൻ നായർ,നഫ്സൽ അബ്ദുൽ റഹ്മാൻ, സലാം അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു.