ഐഎപിസി അന്താരാഷ്ര്‌ട മാധ്യമസമ്മേളനത്തിനു കണക്ടിക്കട്ടിൽ ഉജ്‌ജ്വല തുടക്കം
Sunday, October 9, 2016 6:56 AM IST
കണക്ടിക്കട്ട്: ഇന്തോ അമേരിക്കൻ പ്രസ്ക്ലബിന്റെ മൂന്നാമത് അന്താരാഷ്ര്‌ട മാധ്യമസമ്മേളനത്തിന് കണക്ടിക്കട്ടിലെ സ്റ്റാംഫോർഡ് ഹോട്ടലിൽ ഉജ്‌ജ്വല തുടക്കം. ന്യൂയോർക്കിലെ ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ മനോജ് കെ. മൊഹപത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു.

അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം അറിയിക്കാൻ ഐഎപിസി വലിയ സംഭാവനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ വംശജർക്കുവേണ്ടി കോൺസുലേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചതിനൊപ്പം മാധ്യമങ്ങൾക്ക് സമൂഹത്തിലുള്ള പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റിയും മാധ്യമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഐഎപിസി ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, പ്രസിഡന്റ് പർവീൺ ചോപ്ര, ജനറൽ സെക്രട്ടറി കോരസൺ വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ട്രഷറർ അനിൽമാത്യു, കോ ചെയർപേഴ്സൺ വിനീത നായർ, കൺവൻഷൻ ചെയർമാൻ മാത്തുക്കുട്ടി ഈശോ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിച്ചു.

ഐഎപിസി പ്രസിഡന്റ് പർവീൺ ചോപ്ര അധ്യക്ഷത വഹിച്ചു. ഐഎപിസിയുടെ പ്രവർത്തനങ്ങളക്കുറിച്ച് ചെയർമാൻ ജിൻസ്മോൻ പി.സക്കറിയ വിശദീകരിച്ചു.

കർണാടക മുൻമന്ത്രി ജെ. അലക്സാണ്ടർ ഐഎഎസ്, ഇന്ത്യൻ പനോരമ ചീഫ് എഡിറ്റർ പ്രഫ. ഇന്ദ്രജിത്ത് സലൂജ, ഗോപിയോ ചെയർമാൻ തോമസ് ഏബ്രാഹം, ഇൻഡോ അമേരിക്കൻ വ്യവസായ പ്രമുഖൻ മുകേഷ് മോദി, മുതിർന്ന മാധ്യമപ്രവർത്തകരായ ജി. ശക്‌തിധരൻ, ശേഖരൻ നായർ, എം.വി. നികേഷ് കുമാർ, ജെ.എസ്. ഇന്ദുകുമാർ, മാങ്ങാട് രത്നാകരൻ, സജി ഡൊമനിക്ക്, സിന്ധുകുമാർ, മുഖ്യമന്ത്രിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, ഐഎപിസി ഡയറക്ടർ ബാബു ജേസുദാസ്, അറ്റലാന്റാ ചാപ്റ്റർ പ്രസിഡന്റ് ഡൊമനിക്ക് ചാക്കോ, തിരുവനന്തപുരം റോട്ടറി ക്ലബ് സെക്രട്ടറി ഡോ. ജെ.മോസസ്, മനോരമ ന്യൂസ് ചീഫ് കാമറമാൻ സിന്ധുകുമാർ തുടങ്ങിയവർ സംസാരിച്ചു.

പ്രസ്ക്ലബിന്റെ ഈ വർഷത്തെ സുവനീർ ചീഫ് എഡിറ്റർ ഡോ. മാത്യു ജോയിസ് ഡെപ്യൂട്ടി കോൺസൽ ജനറൽ മനോജ് കെ. മൊഹപത്രക്കു നൽകി പ്രകാശനം ചെയ്തു. കൺവൻഷൻ ചെയർമാൻ മാത്തുക്കുട്ടി ഈശോ സംസാരിച്ചു.