മാരത്തണിൽ പങ്കെടുത്ത മലയാളികളെ ഷിക്കാഗോ മലയാളി അസോസിയേഷൻ അഭിനന്ദിച്ചു
Tuesday, October 11, 2016 2:23 AM IST
ഷിക്കാഗോ: 2016 ഷിക്കാഗോ മാരത്തണിൽ പങ്കെടുത്തു അഭിമാനകരമായ പ്രകടനം കാഴ്ചവെച്ച കോട്ടയം സ്വദേശി ഉൾപ്പെടെ രണ്ട് ലണ്ടൻ മലയാളികളായ സോജൻ ജോസഫിനെയും എബി മാത്യു വിനേയും ഷിക്കാഗോ മലയാളി അസോസിയേഷൻ അനുമോദിച്ചു.

ഒക്ടോബർ ഒമ്പതിനു ഞായറാഴ്ച രാവിലെ ഷിക്കാഗോയിലെ പ്രശസ്തമായ ഗ്രാന്റ് പാർക്കിൽ ആരംഭിച്ച് ഗ്രാന്റ് പാർക്കിൽ തന്നെ അവസാനിച്ച പ്രശസ്തമായ ഷിക്കാഗോ മാരത്തണിൽ പങ്കാളിയായി മലയാളികൾക്ക് അഭിമാനമായത് യു കെ യിലെ കെന്റിൽ സ്‌ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫും, നിലമ്പൂർ സ്വദേശി എബി മാത്യുവുമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആറു മാരത്തോൺ മത്സരങ്ങയിൽ ഒന്നാണ് എല്ലാവർഷവും ഷിക്കാഗോയിൽ നടക്കുന്നത്. ബോസ്റ്റൺ, ന്യൂയോർക്ക് , ലണ്ടൻ, ബെർലിൻ, ടോക്കിയോ എന്നിവിടങ്ങളിൽ ആണ് മറ്റു അഞ്ചു മത്സരങ്ങൾ. ഈ കഴിഞ്ഞ ദിവസം ഷിക്കാഗോയിൽ നടന്ന മരത്തോണിൽ 40,400 പേർ ആണ് പങ്കെടുത്തത് . ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ പങ്കെടുത്ത ഈ മത്സരത്തിൽ ഇന്ത്യയിൽ നിന്നും 40 ആളുകൾ പങ്കെടുത്തു. അതിൽ ഇവർ രണ്ടു മലയാളികളും ഉണ്ടായിരുന്നുവെന്നത് അഭിമാന കാര്യമാണെന്ന് സി.എം.എ ഹാളിൽ അവർക്കു സ്വീകരണം നൽകികൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോമി അമ്പേനാട്ട് അഭിപ്രായപ്പെട്ടു . ബിജി സി മാണി, രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്, അനിൽ മറ്റത്തിൽകുന്നേൽ,ഫിലിപ്പ് ആലപ്പാട്ട്, സൈബു അലക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം