വെർമോണ്ടിൽ വാഹാനാപകടം: അഞ്ച് ഹൈസ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടു
Tuesday, October 11, 2016 2:24 AM IST
വെർമോണ്ട്: ഒക്ടോബർ എട്ടിനു ശനിയാഴ്ച അർധരാത്രിയ്ക്കുശേഷം ഉണ്ടായ കാർ അപകടത്തിൽ അഞ്ചു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. വെർമോണ്ട് ഹൈസ്കൂളിലെ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ പേരുകൾ ഒക്ടോബർ ഒമ്പതിനു വൈകിട്ട് പോലീസ് വെളിപ്പെടുത്തി. മേരി ഹാരിസ് (16), സൈറസ് (16), ലിയം ഹെയ്ൽ (16), ജെനി (15), എലി ബ്രൂക്കൻസ് 16) എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേരിൽ ഒരാൾ ഒരേ കമ്യൂണിറ്റിയിൽ നിന്നാണെങ്കിലും, മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയാണെന്നു കോവൈസ് പ്രസിൻസിപ്പാൾ പറഞ്ഞു.

തെറ്റായ ദിശയിൽ വാഹനം ഓടിച്ചുവന്ന വാഹനമാണ് കുട്ടികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിച്ചു. വില്ലിസ് സ്റ്റൺ ഇന്റർസ്റ്റേറ്റ് 89ലാണ് അപകടം നടന്നത്. സംഭവ സ്‌ഥലത്തെത്തിയ പോലീസ് അപകടത്തെ തുടർന്ന് തീ ആളിപ്പടർന്ന കാറിൽ നിന്നും കുട്ടികളെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിന് ഉത്തരവാദിയായ െരഡെവർ ട്രക്കിൽ നിന്നും ഇറങ്ങി പോലീസ് വാഹനം അപഹരിച്ച് അതിവേഗത്തിൽ ഓടിച്ചുപോയി. ഇതിനിടയിൽ ഈ വാഹനം മറ്റു ഏഴു വാഹനങ്ങളിൽക്കൂടി കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനത്തിൽ തീ ആളിപ്പടർന്നതിനാൽ എല്ലാവരും സംഭവസ്‌ഥലത്തുവെച്ചുതന്നെ മരിച്ചതായി വില്ലിസ്റ്റൺ പോലീസ് ക്യാപ്റ്റൻ മൈക്ക് ഹെന്റി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ