ഖത്തറിൽ പുതിയ സ്പോൺസർഷിപ്പ്: രണ്ടു മാസത്തെ കാമ്പയിൻ തുടങ്ങുന്നു
Tuesday, October 11, 2016 5:33 AM IST
ദോഹ: ഖത്തറിലെ വിദേശി തൊഴിലാളികൾ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ സ്പോൺസർഷിപ്പ് നിയമം ഡിസംബറിൽ നിലവിൽ വരാനിരിക്കെ കമ്പനികൾക്കും തൊഴിലാളികൾക്കും പുതിയ സ്പോൺസർഷിപ്പ് നിയമത്തിലെ വ്യവസ്‌ഥകൾ പരിചയപ്പെടുത്തുന്നതിനും ബോധവത്കരിക്കുന്നതിനുമായി രണ്ടു മാസത്തെ ഊർജിത കാമ്പയിൻ നടത്തുമെന്ന് പെനിൻസുല പത്രം റിപ്പോർട്ടു ചെയ്തു.

വിദേശി തൊഴിലാളികളുടെ വരവും പോക്കും സംബന്ധിച്ച് 2015 ലെ 21 –ാം നമ്പർ നിയമം കൂടുതൽ ഉദാരവും തൊഴിലാളി സൗഹൃദവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ആഴ്ച മുതൽ ബോധവത്കരണ പരിപാടികൾ ആരംഭിക്കും. അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ് തൊഴിൽ സാമൂഹ്യ കാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചാണ് കാമ്പയിൻ നടത്തുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 27 ന് പ്രഖ്യാപിച്ച പുതുക്കിയ സ്പോൺസർഷിപ്പ് നിയമം നിലവിലുള്ള സ്പോൺസർഷിപ്പ് വ്യവസ്‌ഥയും എക്സിറ്റ് പെർമിറ്റ് സിസ്റ്റവും എടുത്തു കളയുന്ന പുതിയ കരാർ വ്യവസ്‌ഥയാണ് നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക ഗസറ്റിൽ വിജ്‌ഞാപനം ചെയ്ത് ഒരു വർഷത്തിനുശേഷം നിയമം നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ഇതനുസരിച്ച് ഡിസംബർ പകുതിയോടെ പുതിയ വ്യവസ്‌ഥ നടപ്പാക്കുമെന്നാണ് അറിയുന്നത്.

സ്‌ഥാപനങ്ങൾ, തൊഴിലാളികൾ, എംബസികൾ, ഖത്തർ ചേംബർ തുടങ്ങി വിവിധ കേന്ദ്രങ്ങൾ പുതിയ വ്യവസ്‌ഥയുടെ വിശദാംശങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഇതിനായി ഊർജിതമായ ബോധവത്കരണ പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ് തൊഴിൽ സാമൂഹ്യ കാര്യ മന്ത്രി ഡോ. ഈസൂ ബിൻ സഅദ് അൽ നുഐമി പറഞ്ഞു. വിവിധ വകുപ്പുകളിൽ നിന്നും എംബസികളിൽ നിന്നും കമ്യൂണിറ്റി ഓർഗനൈസേഷനുകളിൽ നിന്നുമുള്ളവർക്കായി നടത്തുന്ന വർക് ഷോപ്പുകളാണ് ബോധവൽക്കരണ പരിപാടികളിൽ മുഖ്യം. എല്ലാ മാധ്യമങ്ങളിലൂടേയും വിശദമായ കാമ്പയിനും നടക്കും. ഖത്തറിലെ പുതിയ സ്പോൺസർഷിപ്പ് വ്യവസ്‌ഥയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ ഗവൺമെന്റിന്റെ സുതാര്യതയുടേയും പ്രതിബദ്ധതയുടെയും അടയാളമാണെന്ന് മന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളിൽ നിന്നും ജോലി തേടി ഖത്തറിലെത്തുന്നവരെക്കാത്തിരിക്കുന്നത് ഇനി ആകർഷകമായ തൊഴിൽ വ്യവസ്‌ഥകളാണെന്നാണ് പുതിയ നിയമത്തെക്കുറിച്ചുള്ള ആദ്യ വിലയിരുത്തൽ. സ്പോൺസർഷിപ്പ് സംവിധാനത്തിന് മാറ്റംവരുത്തുന്ന പുതിയ നിയമങ്ങൾ ഡിസംബർ 13ന് നിലവിൽ വരും. പുതിയ തൊഴിൽ വീസ ലഭിക്കുന്നതിന് നിലവിലുണ്ടായിരുന്ന രണ്ടു വർഷ നിരോധനം എടുത്തുകളഞ്ഞു. പുതിയ നിയമപ്രകാരം തൊഴിൽ, താമസം എന്നിവ കരാർ അടിസ്‌ഥാനത്തിലാകും.

പുതുതായി ജോലിക്ക് കയറുന്നിടത്ത് പഴയ തൊഴിൽ ദാതാവ് നൽകുന്ന എൻഒസി സമർപ്പിക്കേണ്ടതില്ല. പുതിയ ജോലിയിൽ കയറുന്നതിന് ഉണ്ടായിരുന്ന നിർബന്ധിത കാലാവധി എടുത്തുകളഞ്ഞു. ഇനി ഖത്തറിൽ പുതിയ ജോലി ലഭിച്ചാൽ പഴയ ജോലി വിടുന്നതിന്റെ തൊട്ടടുത്ത ദിവസമായാലും ജോലിയിൽ പ്രവേശിക്കാം. ഇനി മുതൽ എക്സിറ്റ് പെർമിറ്റ് ആവശ്യമില്ല. രാജ്യം വിടുന്നതിന് മെറ്റരാഷ് 2 സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. തൊഴിൽദാതാവിനെ ജോലി വിടുന്നതിന് മൂന്നു ദിവസം മുമ്പ് അറിയിച്ചാൽ മതിയാകും. നിലവിലുള്ള എല്ലാ തൊഴിൽ കരാറുകളും ഈ വർഷം അവസാനത്തോടെ മാറ്റിയെഴുതും. സ്‌ഥിരം ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ എൻഒസി കൂടാതെ തന്നെ കരാർ പൂർത്തായാകുമ്പോൾ ജോലി ഉപേക്ഷിക്കാം. എന്നാൽ ഇതിന് മിനിസ്ട്രി ഓഫ് ഇന്റീരിയർ, മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ എന്നിവയുടെ അനുമതി ആവശ്യമാണ്. ഇതേ മിനിസ്ട്രികളുടെ അനുമതിയോടെ സ്പോൺസർ മരിക്കുകയോ കമ്പനി പൂട്ടിപോകുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ തൊഴിൽ മാറാം. ഔദ്യോഗിക അനുമതിയില്ലാതെ മറ്റ് തൊഴിലിനായി തൊഴിലാളികളെ ഉപയോഗിക്കുന്ന റിക്രൂട്ടർമാർക്ക് 50,000 ഖത്തർ റിയാൽ പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കും. വിദേശ ജോലിക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് 10,000 മുതൽ 25,000 ഖത്തർ റിയാൽ വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്‌ഥകൾ.

റിപ്പോർട്ട്: അമാനുള്ള വടക്കാങ്ങര