സമർപ്പണം 2016: ഒക്ടോബർ 13ന്
Tuesday, October 11, 2016 5:35 AM IST
റിയാദ്: ഫ്രന്റ്സ് ക്രിയേഷൻസ് പന്ത്രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭാരതത്തിനുവേണ്ടി രക്‌തസാക്ഷിത്വം വരിച്ച ധീര ജവാന്മാരെ സ്മരിക്കുന്നതിന് ‘സമർപ്പണം 2016’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു.

ഒക്ടോബർ 13ന് (വ്യാഴം) വൈകുന്നേരം 7.30ന് ലുലു ഹൈപ്പറിന് പിൻവശമുളള മുറബ ഹോട്ടലിൽ നടക്കുന്ന പരിപാടി ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ ഫസ്റ്റ് സെക്രട്ടറി അനിൽ നോട്ടിയാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മീഡിയ പ്ലസ് ഖത്തറിന്റെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച ബിസിനസ് ഡയറക്ടറിയുടെ പ്രകാശനം എയർ ഇന്ത്യ മാനേജർ കുന്ദൻ ലാൽ നിർവഹിക്കും. ഭീകരതക്കും തീവ്രവാദത്തിനുമെതിരെ ജയ്ഹിന്ദ് ദൃശ്യാവിഷ്കാരവും അവതരിപ്പിക്കും.

സൗദി അറേബ്യയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, കലാ, സാഹിത്യ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച 10 വനിതകൾക്ക് ഫ്രന്റ്സ് ക്രിയേഷനും വോയസ് ഓഫ് കേരള 1152.എ.എം റേഡിയോയും സംയുക്തമായി പ്രഖ്യാപിച്ച സൂപ്പർ വുമൺ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. പാചക മത്സരം, ഗാനമേള, പ്രശ്നോത്തരി, കലാ, വിനോദ വിജ്ഞാന മത്സരങ്ങൾ എന്നിവയും വാർഷികത്തോടനുബന്ധിച്ച് അരങ്ങേറും. ഫ്രന്റ്സ് ക്രിയേഷൻസ് വാട്സ്ആപ് ഗ്രൂപ്പിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുളള പുരസ്കാരം ചടങ്ങിൽ സമ്മാനിക്കുമെന്നും സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ