യുക്മ നാഷണൽ കലാമേള: നഗറിന്റെ നാമനിർദേശത്തിനും ലോഗോ രൂപകല്പനക്കും അവസരം
Tuesday, October 11, 2016 5:38 AM IST
ലണ്ടൻ: നവംബർ അഞ്ചിന് (ശനി) കവൻട്രിയിൽ നടക്കുന്ന ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിനിൽക്കെ കലാമേള നഗറിന് പേര് നിർദ്ദേശിക്കുവാൻ യുകെ മലയാളികൾക്ക് അവസരമൊരുങ്ങുന്നു.

നാമനിർദ്ദേശങ്ങൾ ഒക്ടോബർ 17 ന് മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കേണ്ടതാണ്. ഏറ്റവും കൂടുതൽ നിർദ്ദേശിക്കപ്പെടുന്ന പേരായിരിക്കും തെരഞ്ഞെടുക്കപ്പെടുക. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്നവരിൽനിന്നും നറുക്കിട്ട് വിജയിക്കുന്ന വ്യക്‌തിക്ക് കലാമേളയിൽ പുരസ്കാരം സമ്മാനിക്കും.

ഇതോടൊപ്പം കലാമേളക്ക് അനുയോജ്യമായ ലോഗോ രൂപകല്പന ചെയ്യുന്നതിനും അപേക്ഷകൾ ക്ഷണിച്ചു. കംപ്യൂട്ടറിൽ തയാറാക്കിയ ലോഗോകളാണ് പരിഗണിക്കപ്പെടുക. യുക്മ കലാമേളയുടെ കയ്യൊപ്പെന്ന് വിശേഷിക്കപ്പെടാവുന്ന ലോഗോ ഡിസൈൻ ചെയ്തു. കലാമേളയിൽ പുരസ്കാരം നേടുവാനുള്ള അവസരം വിനിയോഗിക്കുവാൻ എല്ലാ യുകെ മലയാളികളോട് യുക്മ ദേശീയ സമിതി അഭ്യർഥിച്ചു. ലോഗോകളും [email protected] എന്ന ഇമെയിലിലേക്ക് ഒക്ടോബർ 17ന് മുൻപ് അയയ്ക്കേണ്ടതാണ്.

കവൻട്രിയിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. കവൻട്രി കേരള കമ്യൂണിറ്റിയുടെയും (സികെസി), മിഡ്ലാൻഡ്സ് റീജണിന്റെയും സംയുക്‌താഭിമുഖ്യത്തിലാകും ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുകയെന്ന് യുക്മ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, കലാമേള ജനറൽ കൺവീനർ മാമ്മൻ ഫിലിപ്പ് എന്നിവർ അറിയിച്ചു.