ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്കു മൂന്നു വികാരി ജനറാൾമാർ
Wednesday, October 12, 2016 12:53 AM IST
പ്രസ്റ്റൺ: സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂന്നു വികാരി ജനറാൾമാരെ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. ഫാ. തോമസ് പാറടിയിൽ എംഎസ്ടി, ഫാ. സജി മലയിൽപുത്തൻപുരയിൽ, ഫാ. മാത്യു ചൂരപ്പൊയ്കയിൽ എന്നിവരെയാണ് വികാരി ജനറാൾമാരായി നിയമിച്ചത്. ഫാ. മാത്യു പിണക്കാട്ടിനെ ചാൻസലറായും നിയമിച്ചു. എം എസ്ടി സഭാംഗമായ ഫാ. തോമസ് പാറടിയിൽ 2007 മുതൽ യുകെയിലെ സീറോ മലബാർ പ്രവാസികളുടെ ഇടയിൽ ശുശ്രൂഷചെയ്തു വരികയാണ്. മൂന്നു വർഷമായി സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്ററുമാണ്. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് ആരാധനാക്രമത്തിൽ ലൈസെൻഷ്യേറ്റും ഡോക്ടറേറ്റും കരസ്‌ഥമാക്കിയ അദ്ദേഹം മംഗലപ്പുഴ സെമിനാരിൽ അധ്യാപകനായും റൂഹാലയ മേജർ സെമിനാരി റെക്ടറായും ഉജ്‌ജയിൻ കത്തീഡ്രൽ വികാരിയായും, വികാരി ജനറാളായും എംഎസ്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിരുന്നു.

കോട്ടയം അതിരൂപതാംഗമായ ഫാ. സജി മലയിൽപുത്തൻപുരയിൽ 2005 മുതൽ യുകെയിലെ സീറോ മലബാർ സഭാവിശ്വാസികളുടെ ഇടയിൽ അജപാലന ശുശ്രൂഷ നടത്തിവരികയാണ്. 2014 മുതൽ ഷ്രൂസ്ബെറി രൂപതയിലെ ക്നാനായ കത്തോലിക്കാ ചാപ്ലയിനായിരുന്നു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ബംഗളൂരുവിലെ ധർമാരാം വിദ്യാക്ഷേത്രത്തിൽ നിന്നു ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം പടമുഖം സേക്രഡ് ഹാർട്ട് ഫോറനാ ചർച്ച് അടക്കം അഞ്ച് ഇടവകകളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ഫാ. മാത്യു ചൂരപ്പൊയ്കയിൽ ഏഴു വർഷമായി യു. കെ. യിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നടത്തിവരുന്നു. കഴിഞ്ഞ ഒന്നര വർഷമായി പ്രസ്റ്റൺ സെന്റ് അൽഫോൻസാ ഇടവകയുടെയും ബ്ലാക്പൂൾ സെന്റ് എവുപ്രാസിയാ സെന്റ് ചാവറ കുര്യാക്കോസ് ഇടവകയുടെയും വികാരിയുമായിരുന്നു. താമരശേരി രൂപതാംഗമായ അദ്ദേഹം 2003 മുതൽ 2008 വരെ രൂപതാ മതബോധനകേന്ദ്രത്തിന്റെ ഡയറക്ടറായും കുളത്തുവയൽ സെന്റ് ജോർജ് ഫൊറോന വികാരിയായും ശുശ്രൂഷചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും അജപാലനദൈവശാസ്ത്രത്തിൽ ലൈസെൻഷ്യേറ്റും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

പാലാ രൂപതാംഗമായ ഫാ. മാത്യു പിണക്കാട്ട് ഒന്നര വർഷമായി ഇറ്റലിയിലെ സവോണയിൽ സീറോ മലബാർ വിശ്വാസികളുടെ ഇടയിൽ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റൂട്ടിൽ നിന്നു പൗരസ്ത്യ കാനൻ നിയമത്തിൽ ലൈസെൻഷ്യേറ്റും ഡോക്ടറേറ്റും കരസ്‌ഥമാക്കിയ അദ്ദേഹം 2006 മുതൽ 2010 വരെ പാലാ രൂപതാകച്ചേരിയിൽ വൈസ് ചാൻസലറായും സേവനം ചെയ്തിട്ടുണ്ട്. ഫാ. മാത്യു ചൂരപ്പൊയ്കയിലിന് രൂപതാ പ്രോക്കുറേറ്ററുടെ അധികചുമതലയും നൽകി. ഫാ. ഫാൻസുവ പത്തിലിനെ സെക്രട്ടറിയായും നിയമിച്ചു.