ഏജന്റുമാരുടെ ചതിക്കുഴിയിൽപെട്ട് നിരവധി ഇന്ത്യൻ ആയമാർ സൗദിയിൽ; ദുരിതം താണ്ടി ഇടുക്കി സ്വദേശിനി ഇന്ന് നാട്ടിലേക്ക് തിരിക്കും
Wednesday, October 12, 2016 5:02 AM IST
റിയാദ്: സൗദിയിലേക്ക് വരുന്ന ഇന്ത്യൻ വീട്ടുജോലിക്കാരുടെ എണ്ണത്തിൽ കുറവു വരുത്താനും അവരുടെ സുരക്ഷ പരമാവധി ഉറപ്പു വരുത്തുന്നതിനുമായി നടപ്പാക്കിയ എമിഗ്രേഷൻ നിയമങ്ങൾ കാറ്റിൽ പറത്തി നിയമവിരുദ്ധമായി അനേകം ഇന്ത്യൻ വനിതകൾ സൗദിയിലെത്തുന്നു. നിയമവിരുദ്ധമായി ഇവിടെയെത്തുന്ന ഇവരിൽ പലരും ദുരിതത്തിലാകുന്നതോടെയാണ് ഈ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇങ്ങനെ തബൂക്കിൽ ദുരിതത്തിലായ ഇടുക്കി സ്വദേശിനി മോളി സെബാസ്റ്റ്യൻ ഇന്ന് സാമൂഹ്യ പ്രവർത്തകരുടേയും ഇന്ത്യൻ എംബസിയുടേയും സഹായത്തോടെ നാട്ടിലേക്ക് തിരിക്കും.

പത്ത് മാസം മുൻപാണ് മോളി സെബാസ്റ്റ്യൻ തബൂക്കിലെ ഒരു യൂണിവേഴ്സിറ്റിയിലെ ഉന്നതോദ്യോഗസ്ഥന്റെ വീട്ടിൽ ജോലിക്കെത്തുന്നത്. പ്രായമായ മാതാവിനെ പരിപാലിക്കുന്നതിനായെത്തിയ മോളിക്ക് പക്ഷേ അടുത്തടുത്തായുള്ള അവരുടെ മൂന്ന് വീടുകളിലെ സകല ജോലിയും വിശ്രമമില്ലാതെ ചെയ്തു തീർക്കേണ്ടി വന്നു. ജോലി തീർക്കാൻ വൈകിയാൽ ശാരീരിക പീഡനങ്ങളും കൂടിയതോടെ മോളിയുടെ നാട്ടിലുള്ള മകൾ അമ്മയെ ഉടനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വീസ ഏജന്റിനെ സമീപിക്കുകയായിരുന്നു. ഇതിനായി ഏജന്റ് അവരിൽ നിന്നും 42,000 രൂപയും കൈപ്പറ്റി. എന്നിട്ടും അമ്മ തിരികെയെത്താതിരുന്നതിനാൽ മകൾ വിദേശകാര്യ മന്ത്രാലയത്തിൽ പരാതി നൽകുകയായിരുന്നു. തബൂക്കിലുള്ള സംഘടനാ പ്രതിനിധികൾ മോളിയുടെ സ്പോൺസറുമായി ബന്ധപ്പെട്ടെങ്കിലും വീസക്കായി ചെലവാക്കിയ 25,000 റിയാൽ തരാതെ എക്സിറ്റ് നൽകാൻ സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പണം നൽകിയാലും രണ്ടു വർഷം കഴിയാതെ വിടാൻ പറ്റില്ലെന്നും അദ്ദേഹം തീർത്തു പറഞ്ഞു.

പിന്നീട് മോളിയുടെ മകളും മരുമകനും ഒരു മലയാളം ചാനലിലൂടെ നടത്തിയ അപേക്ഷ കണ്ട ബിജുമോൾ എംഎൽ.എ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീടാണ് പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തനായ റാഫി പാങ്ങോട് ഈ വിഷയത്തിൽ ഇടപെടുന്നത്. അദ്ദേഹം സുഹൃത്തുക്കളായ ജയൻ കൊടുങ്ങല്ലൂർ, അൻസാർ, നിസാർ തുടങ്ങിയവർ റിയാദിൽ നിന്നും 1500 കിലോമീറ്റർ അകലെയുള്ള തബൂക്കിലെത്തി സ്പോൺസറുമായി ചർച്ച നടത്തിയതിനെത്തുടർന്നാണ് മോളിക്ക് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്.

റിയാദിലെ രസ്ന ട്രാവൽസ് മോളിക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് നൽകി. ബുധനാഴ്ച ഉച്ചക്ക് 2.30 നുള്ള എയർ അറേബ്യ വിമാനത്തിൽ മോളി കൊച്ചിയിലേക്ക് തിരിക്കും. വ്യാഴാഴ്ച കാലത്ത് 3.15 ന് മോളി കൊച്ചിയിലെത്തും.

കഴിഞ്ഞ ദിവസം വാദി ദവാസിറിലും ഇതേ പോലെ വന്ന ഇടുക്കി സ്വദേശിനി ഷൈനിയെ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് സ്പോൺസർ നാട്ടിലയച്ചിരുന്നു. വാദി ദവാസിറിലുള്ള നാട്ടുകാരും സാമൂഹ്യ പ്രവർത്തകരുമാണ് ഇവർക്ക് മടക്കയാത്രക്കുള്ള ടിക്കറ്റും മറ്റു ചെലവുകളും നൽകിയത്. ഷൈനിയുടെ ഒരു സഹോദരി ഷൈബിയും എട്ടു മാസമായി റിയാദിലെ ഒരു സ്വദേശിയുടെ വീട്ടിൽ ദുരിതത്തിൽ കഴിയുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. ഇവരേയും നാട്ടിൽ വിടാൻ സ്പോൺസർ തയാറാകുന്നില്ല. ഇവരെല്ലാം സൗദിയിലെത്തിയത് ഒരേ വീസ റാക്കറ്റിന്റെ ചതിയിൽ പെട്ടാണ്. സൗദിയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർമാരായ ഇന്ത്യക്കാർ തന്നെയാണ് ഇതിലെ പ്രധാന കണ്ണികൾ. സൗദികളിൽ നിന്നും ഇന്ത്യക്കാരായ ആയമാരെ എത്തിക്കുന്നതിനായി വൻതുകയാണ് ഇവർ ഈടാക്കുന്നത്. നാട്ടിലെ സൗദി എംബസിയിൽ നിന്നും വീസ അടിച്ച ശേഷം അത് വിദഗ്ദമായി ഇളക്കിയെടുത്ത് യുഎ.ഇ യിലേക്കുള്ള സന്ദർശക വീസയെടുത്ത ശേഷം ദുബായിലെത്തിച്ച് വീണ്ടും സൗദി വീസ അതിൽ പതിച്ചാണ് അവരെ സൗദിയിലെത്തിക്കുന്നത് എന്നാണ് ഇരകൾ പറയുന്നത്. ഇതിനായി അതിവിദഗ്ധരായ ഏജന്റുമാർ ധാരാളം നാട്ടിലും ദുബായിലും ഉണ്ടത്രെ. ഇന്ത്യയിലെ സങ്കീർണമായ എമിഗ്രേഷൻ നിയമങ്ങളെ മറികടക്കാനാണ് ഇവരെ യുഎഇ വഴി കൊണ്ടുവരുന്നത്. പാവപ്പെട്ട വീടുകളിലെ വിദ്യാഭ്യാസം കുറഞ്ഞ പെൺകുട്ടികളെയാണ് ഇവർ ഇങ്ങനെ ചൂഷണം ചെയ്യുന്നതെന്നാണ് അറിയുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിരവധി പാവപ്പെട്ട പെൺകുട്ടികൾ ഇതിനിരയായി തീരുമെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ