കേരള സമാജം നെഹ്റു ട്രോഫി വളളംകളി: ടാമ്പ ക്രൂസേഴ്സ് ചാമ്പ്യന്മാർ
Wednesday, October 12, 2016 5:09 AM IST
മയാമി: സൗത്ത് ഫ്ളോറിഡ കേരള സമാജം നെഹ്റു ട്രോഫി വള്ളംകളിയിൽ താമ്പ ക്രൂസേഴ്സ് ജേതാക്കളായി. ഫൈനലിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കേരള ഡ്രാഗൺസിനെ പരാജയപ്പെടുത്തി ജേതാക്കൾക്കുള്ള 2500 ഡോളറും നെഹ്റു ട്രോഫിയും സ്വന്തമാക്കി. രണ്ടാം സ്‌ഥാനക്കാർക്കുള്ള 1001 ഡോളറും ട്രോഫിയും കേരള ഡ്രാഗൺസ് ഏറ്റുവാങ്ങി. വനിത വിഭാഗത്തിൽ മയാമി ചുണ്ടൻ ജേതാക്കളായി.

ഫോർട്ട് ലൗഡർഡെയിലിലെ വിശാലമായ റ്റിവൈ പാർക്കിലെ തടാകത്തിൽ എട്ടു പുരുഷ ടീമുകളാണ് മാറ്റുരച്ചത്. ഇതാദ്യമായി സൗത്ത് ഫ്ളോറിഡ തമിഴ് സംഘം പങ്കുചേർന്നത് സംഘാടർക്കും കാണികൾക്കും കൂടുതൽ ആവേശം പകർന്നു.

റഫ് ഡാഡിസ് ഷിക്കാഗോ, എംഎസിഎഫ് ടാമ്പ ചുണ്ടൻ, ഡ്രം ലൗവേഴ്സ് ഫ്ളോറിഡ, കനാന ചുണ്ടൻ, ടാമ്പ ക്രൂസേഴ്സ് മാറ്റ്, സൗത്ത് ഫ്ളോറിഡ തമിഴ്സംഘം, കേരള ഡ്രാഗൺസ്, മയാമി ചുണ്ടൻ തുടങ്ങിയ പുരുഷ ടീമുകൾക്ക് പുറമെ രണ്ടു വനിതാ ടീമുകളായ മയാമി ചുണ്ടനും സൗത്ത് ഫ്ളോറിഡ വിമൻസ് ഫോറം ടീമും മത്സരത്തിനിറങ്ങി.

സെമിഫൈനൽ മത്സരങ്ങൾക്കു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്രയിൽ നിരവധി രാജ്യങ്ങളിൽ നിന്നും പാർക്കിലെത്തിയ ആളുകൾ അണിചേർന്നു.

വളളംകളിയുടെ മെഗാ സ്പോൺസറായി 2500 ഡോളർ ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത് സാബു ലൂക്കോസ് ഓഷ്യൻ വെൽത്ത് സോല്യൂഷനും രണ്ടാം സമ്മാനം 1001 ഡോളർ സ്പോൺസർ ചെയ്തത് ജയ്സൺ നടയിൽ ക്യാപിറ്റൽ കോമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടീസും വളളംകളിയുടെ ഇവന്റ് കോഓർഡിനേറ്റർഷിപ്പ് സ്പോൺസർ ചെയ്തത് സേവി മാത്യു പ്രസിഡന്റായുളള കേരള ബോട്ട് ആൻഡ് ആർട്സ് ക്ലബ് ആയിരുന്നു. കൂടാതെ ബേബി വർക്കി ആന്റ് അസോസിയേറ്റ് സിപിഎ, ഡേവിസ് പുളിക്കൻ, സോളമൻ മാത്യു, ബിഗ് ബസ്സാർ എന്നിവരും വിവിധ സമ്മാനങ്ങളുടെ സ്പോൺസർമാരായിരുന്നു. മത്സരത്തിന്റെ വിജയത്തിനായി പീറ്റോ സെബാസ്റ്റ്യൻ, കെ.ജി. പത്മകുമാർ, റോബിൻസ് ജോസ് എന്നിവരടങ്ങിയ സബ് കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

തുടർന്നു റ്റിവൈ പാർക്കിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന പ്രഫഷണൽ വടംവലി മത്സരത്തിൽ എംഎസിഎഫ് ടാമ്പ ടസ്കേഴ്സ് ജേതാക്കളായി. റഫ്ഡാഡിസ് ഷിക്കാഗോ എ ടീം രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി. വനിതകളുടെ സൗഹൃദ മത്സരത്തിൽ ടാമ്പ വനിതാ ടീം ജേതാക്കളായി.
അഞ്ച് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഷിക്കാഗോയിൽ നിന്നുളള റഫ്ഡാഡിസ് എ ടീമും ബി ടീമും എംഎസിഎഫ് ടാമ്പ ടസ്കേഴ്സ്, ട്രം ലൗവേഴ്സ് ഫ്ളോറിഡ, ടീം കനാന എന്നീ പുരുഷ ടീമുകൾക്കു പുറമെ ടാമ്പ വനിത ടീം, സൗത്ത് ഫ്ളോറിഡ വിമൻസ് ഫോറവും മത്സരത്തിൽ പങ്കെടുത്തു.

മത്സരത്തിന്റെ ഒന്നാം സമ്മാനം രണ്ടായിരം ഡോളർ സ്പോൺസർ ചെയ്തത് ജോ മീനംകുന്നേൽ ബിസിനസ് വയറും രണ്ടാം സമ്മാനം എഴുന്നൂറ്റിയമ്പത് ഡോളർ സ്പോൺസർ ചെയ്തത് സഞ്ജയ് നടുപറമ്പിൽ മയാ ഫിസിക്കൽ തെറാപ്പിയുമാണ്. ബെന്നി ജോസഫ്, നോയൽ മാത്യു, ജൂബിൻ കുളങ്ങര, ഷിബു മിരമാർ, നിക്സൺ ജോസഫ് എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

ജേതാക്കൾക്കുള്ള സമ്മാനദാനം ഫ്ളോറിഡ സ്റ്റേറ്റ് സെനറ്റർ എലനോർ സോബൽ വിതരണം ചെയ്തു. സോക്കർ പെനാലിറ്റി ഷൂട്ട്ഔട്ട് മത്സരത്തിന് ശ്രീജിത്ത് കാർത്തികേയൻ, ജിമ്മി പെരേപ്പാടൻ, സജോ പല്ലിശേരി തുടങ്ങിയവർ നേതൃത്വം കൊടുത്തു.

മത്സരങ്ങളോടനുബന്ധിച്ച് വിവിധ പവലിയനുകളും പ്രവർത്തിച്ചു. സാജൻ കുര്യന്റെ നേതൃത്വത്തിൽ നവംബർ എട്ടിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടേഴ്സ് രജിസ്ട്രേഷന് ബൂത്ത് ഒരുക്കിയത് അനേകർക്ക് പ്രയോജനകരമായി. അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിരവധി സ്‌ഥാനങ്ങളിലേക്ക് ഇലക്ഷനിൽ മത്സരിക്കുന്ന സ്‌ഥാനാർഥികൾ കേരള സമാജത്തിന്റെ ഈ ജലമേള കാണുവാനും ഇന്ത്യൻ സമൂഹത്തോട് വോട്ട് ചോദിക്കുവാനുമായി പാർക്കിൽ എത്തിയിരുന്നു.

പരിപാടികൾക്ക് നോയൽ മാത്യു, പ്രിൻസ് ജോസഫ്, ആനി സോളമൻ, ഷേർളി തോമസ്, ലിജു കാച്ചപ്പിളളി, ഡേവിസ് വർഗീസ്, നെൽസൺ ചാലിശേരി, സുധീഷ് പി. കെ., ചെറിയാൻ ഏബ്രഹാം, വാണി മുരളി, ഷിബു ജോസഫ്, കുഞ്ഞമ്മ കോശി, സജി സക്കറിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയി കുറ്റ്യാനി