ജർമനിയിൽ ഭീകരനെ പിടികൂടിയത് സോഷ്യൽ മീഡിയയുടെ സഹായത്തോടെ
Wednesday, October 12, 2016 8:11 AM IST
ബർലിൻ: ബോംബാക്രമണത്തിനു പദ്ധതി തയാറാക്കിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കഴിഞ്ഞ ദിവസം സിറിയക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് സോഷ്യൽ മീഡിയയുടെ സഹായത്തോടെ.

ഷെംനിറ്റ്സിലെ അപ്പാർട്ടുമെന്റിൽനിന്നു നേരത്തെ തന്നെ പോലീസ് സ്ഫോടക വസ്തുക്കൽ പിടിച്ചെടുത്തിരുന്നെങ്കിലും ഭീകരൻ തലനാരിഴയ്ക്കു രക്ഷപെടുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് ഇയാളെ സിറിയക്കാർ ചേർന്ന് പിടികൂടി പോലീസിനു കൈമാറിയത്.

ജാബർ അൽബകർ എന്ന ഇരുപത്തിരണ്ടുകാരനാണ് പോലീസിന്റെ വലയിലായത്. പോലീസിന്റെ വലയിൽനിന്നു രക്ഷപെട്ട് ട്രെയ്നിൽ ലീപ്സീഗിലേക്കു കടക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇതിനിടെ, താമസിക്കാൻ ഇടം തേടി സിറിയക്കാരുടെ സോഷ്യൽ നെറ്റ്വർക്കിംഗ് ഗ്രൂപ്പിൽ അയച്ച മെസേജാണ് ഇയാൾക്കു വിനയായത്.

ലീപ്സീഗിൽ താമസിച്ചിരുന്ന മുഹമ്മദ് എന്ന സിറിയക്കാരനും രണ്ടു സുഹൃത്തുക്കളും ഇതിനോടു പ്രതികരിക്കുകയും തന്ത്രപൂർവം ഇയാളെ വിളിച്ചു വരുത്തി വലയിലാക്കുകയുമായിരുന്നു. സ്റ്റേഷനിൽ നിന്ന് ഭീകരനെ കൂട്ടിക്കൊണ്ടുപോയ ഇവർ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് ഭക്ഷണം നൽകി. തുടർന്നു മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ ഉറങ്ങാൻ സൗകര്യം നൽകിയ ശേഷം പോലീസിനു കൈമാറുകയാണുണ്ടായത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ