‘ഒരു കനേഡിയൻ ഡയറി’യുടെ പൂജാകർമം കാനഡയിൽ നിർവഹിച്ചു
Friday, October 14, 2016 2:55 AM IST
ടൊറന്റോ: കാനഡയിൽ നിന്നുള്ള പുതുമുഖ നടീനടന്മാർക്കൊപ്പം മലയാള സിനിമയിലെ മുഖ്യധാരാ അഭിനയതാക്കളെയും കോർത്തിണക്കി എസ്. ജസ്പാലിന്റെ സംവിധാനത്തിൽ ശ്രീം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രമുഖ മാധ്യമപ്രവർത്തകയായ സീമ ശ്രീകുമാറിന്റെ സഹസംവിധാനത്തിൽ നിർമിക്കുന്ന ഒരു കനേഡിയൻ ഡയറിയുടെ പൂജാകർമ്മം കാനഡയിൽ ബ്രമശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി നിർവഹിച്ചു.

മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ പോൾ പൗലോസാണ് നായകൻ. ചാവേർപ്പട, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളുടെ നിർമാതാവ് പൗലോസ് പോളിന്റെ മകനാണ് പോൾ പൗലോസ്. കാഞ്ചീപുരത്തെ കല്യാണം, ലാസ്റ്റ് ബഞ്ച് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൂജയാണു നായിക. പാഷാണം ഷാജി, കലാശാല ബാബു, കൃഷ്ണ, സീമ ജി. നായർ, അജിത് രാജ്, നാരായണൻകുട്ടി, ചേർത്തല വിജയൻ, അജിത് സോമൻ തുടങ്ങിയ പ്രമുഖ നടിനടൻമാരും കാനഡയുടെയും കേരളത്തിന്റെയും പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ‘ഒരു കനേഡിയൻ ഡയറി’യിൽ അഭിനയിക്കുന്നു.

കഥ, തിരക്കഥ: പ്രദീപ് പുറവങ്കര, ശ്രീം പ്രൊഡക്ഷൻസ് അമരക്കാരൻകൂടിയായ എം.വി. ശ്രീകുമാറാണ് അസോസിയേറ്റ് കാമറമാൻ. ഉണ്ണി മേനോൻ, ഗായിക സീമ ശ്രീകുമാർ, വെങ്കി അയ്യർ, എം.വി. ശ്രീകുമാർ, സിമ്രൻ എന്നിവരാണു ഗായകർ.ശിവകുമാർ വാരിക്കരയുടെ വരികൾക്ക് കെ. എ. ലത്തീഫാണ് സംഗീതം പകർന്നിരിക്കുന്നത്. സുധീർ നമ്പ്യാർ (ആർട്ട് ഡയറക്ടർ), ശുഭ പാട്ടത്തിൽ (സ്ക്രിപ്റ്റ് സൂപ്പർവിഷൻ), അബി (കോറിയോഗ്രഫർ), ബിന്ദു മേക്കുന്നേൽ (കോസ്റ്റ്യൂം ഡിസൈനർ), ബിനോയ് തങ്കച്ചൻ (പ്രൊഡക്ഷൻ മാനേജർ), ജയപാലൻ കൂട്ടത്തിൽ (പ്രൊഡക്ഷൻ കൺട്രോളർ), ബാലു മേനോൻ (സ്റ്റിൽസ്) എന്നിവരാണ് അണിയറക്കാരിൽ പ്രമുഖർ. കുര്യൻ പ്രക്കാനം ആണ് ലീഗൽ സെൽ അഡ്വൈസർ.



ഒരു കനേഡിയൻ ഡയറിയുടെ കാമറ സ്വിച്ച്ഓൺ കർമ്മം ഫാ എബി മാത്യൂ നിർവഹിച്ചു. സുധീർ നമ്പ്യാർ ക്ളാപ്പടിച്ചു. ഈ ചിത്രത്തിലെ ഗാനങ്ങളുടെ പ്രകാശനം മനോജ് കരാത്ത നിർവഹിച്ചു. കുര്യൻ പ്രക്കാനം, ശ്രീകുമാർ സീമ ശ്രീകുമാർ എന്നിവർ നിലവിളക്ക് തെളിയിച്ചു.
ചിത്രത്തിലെ ‘പലകുറി പറയുവാൻ മോഹിച്ചു..’ എന്ന ഗാനം സീമ ശ്രീകുമാർ പൂജാവേളയിൽ ആലപിച്ചു.

ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരി , ഫാ എബി മാത്യു, മലയാള മയൂരം സിഇഒ കുര്യൻ പ്രക്കാനം, വെങ്കി അയ്യർ, ശുഭ പാട്ടത്തിൽ, മനോജ് കരാത്ത, തോമസ് തോമസ്, തോമസ് വർഗീസ് ഭാരതി ആർട്സ് മ്യൂസിക് അക്കാദമി ചെയർമാൻ മതി എന്നിവർ ആശംസകൾ അർപ്പിച്ചു. എം.വി ശ്രീകുമാർ, സീമ ശ്രീകുമാർ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം