പ്രവാസി മഹോത്സവ മത്സര പരിപാടികൾ ഒക്ടോബർ 14ന്
Friday, October 14, 2016 3:37 AM IST
റിയാദ്: പ്രവാസി സാംസ്കാരിക വേദി ഓണം – ഈദ് ആഘോഷങ്ങളുടെ ഭാഗമായി റിയാദില് സംഘടിപ്പിക്കുന്ന പ്രവാസി മഹോത്സവത്തിന്റെ മുന്നോടിയായുള്ള വിവിധ കലാ കായിക മത്സര പരിപാടികൾ ഒക്ടോബർ 14ന് (വെള്ളി) വ്യത്യസ്ത വേദികളിലായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

എക്സിറ്റ് 18ൽ നൂര് അൽമാസ് ഓഡിറ്റോറിയത്തില് നാല് വേദികളിലായി പ്രവാസലോകത്തെ 720 പ്രതിഭകൾ മത്സരയിനങ്ങളിൽ മാറ്റുരക്കുമെന്ന് മത്സര വിഭാഗം കൺവീനർ അബ്ദുറഹ്മാന് ഒലയാൻ പറഞ്ഞു.

വേദി ഒന്നിൽ ഉകഴിഞ്ഞ് 2.30 മുതൽ ഗ്രൂപ്പ് ഡാൻസ്, ഒപ്പന, സ്കിറ്റ് തുടങ്ങിയ പരിപാടികളാണ് ക്രമീകരിച്ചത്. രണ്ടാം നമ്പർ വേദിയില് ലളിത ഗാനം, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളും മൂന്നാം നമ്പറിൽ ഫാൻസി ഡ്രസ്, നാടൻ പാട്ട്, സിംഗിൾ ഡാൻസ്, മോണോ ആക്ട് എന്നിവയും അരങ്ങേറും. വേദി നാലിൽ പെയിന്റിംഗ് നടക്കും. കായിക മത്സരങ്ങളുടെ ഭാഗമായുള്ള ഫുട്ബോൾ മേള രാവിലെ അഞ്ച് മുതൽ അൽ യമാമ ഹോട്ടല് ഗ്രൗണ്ടിലാണ് നടക്കുക.

റിയാദിലെ വിവിധ മേഖലകളിൽ നിന്നുള്ള നോര്ത്ത് യുണൈറ്റഡ്, വെസ്റ്റ് ടൈഗേഴ്സ്, വെസ്റ്റ് ഈഗിൾ, സൗത്ത് സ്റ്റാർ,സൗത്ത് വാരിയേഴ്സ്, ഈസ്ഡറ്റ് ബ്ലാസ്റ്റേഴ്സ്, നോര്ത്ത് ചാലഞ്ചേഴ്സ്, ഈസ്റ്റ് സൂപ്പർ കിംഗ് തുടങ്ങിയ എട്ട് ടീമുകളാണ് മത്സരത്തിനിറങ്ങുക. വോളിബോൾ മത്സരം ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മുതല് നസീം വില്ലേജിലെ അൽ റായിദ് ഗ്രൗണ്ടിൽ നടക്കും. കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നരുടെ രജിസ്ട്രേഷന് വിവരങ്ങളും ചെസ് നമ്പരുകളും പ്രവാസി വെബ്സൈറ്റില് ലഭ്യമാണ്.

റിയാദിലെ സാമൂഹിക സാംസ്കാരിക കായിക രംഗത്ത് പ്രവര്ത്തിക്കുന്ന മുഴുവൻ പേരെയും അണിനിരത്തിക്കൊണ്ടുള്ള മഹോത്സവമാണ് ഒക്ടോബർ 21ന് അല് ഉവൈദ ഫാമിൽ നടക്കുക. പ്രവാസി ചെയർമാൻ സാജു ജോർജ് വൈസ് ചെയർമാന്മാരായ ജയന്തി വിശ്വനാഥ്, ടെസി ജോസ്, അഷ്റഫ് കൊടിഞ്ഞി, സലിം മാഹി, ഹാരിസ് മണമക്കാവില് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കോ ഓർഡിനേഷന് കമ്മിറ്റിയാണ് മഹോത്സവ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.*

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ