മാധ്യമപ്രവർത്തകർ യുദ്ധം ആഗ്രഹിക്കുന്നു: നികേഷ് കുമാർ
Friday, October 14, 2016 3:40 AM IST
കണക്ടിക്കട്ട്: ഇന്നത്തെ പത്രക്കാർ ഒരു ചെറു യുദ്ധം എങ്കിലും ഉണ്ടാകാൻ അറിയാതെ ആഗ്രഹിക്കുന്നവരാണെന്ന് റിപ്പോർട്ടർ ടിവി എംഡി എം.വി. നികേഷ് കുമാർ. ഇന്തോ–അമേരിക്കൻ പ്രസ്ക്ലബിന്റെ മൂന്നാമത് ഇന്റർനാഷണൽ മീഡിയ കൺവൻഷനോടനുബന്ധിച്ച് മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്നു എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേട്ടക്കാരന്റെയും ഒറ്റുകാരുടെയും ഒരു നീതി ശാസ്ത്രമാണ് മധ്യമപ്രവർത്തകൻ പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിലെ വിശ്വനീയത തകരുന്നതായി കാണപ്പെടുന്നത് മനപ്പൂർവമല്ലെന്നും സ്‌ഥാപനത്തിൽ നിന്നും പത്രലേഖകർക്ക് കിട്ടുന്ന ഭീഷണി സ്വതന്ത്രമായി പ്രവർത്തക്കാൻ പത്രപ്രവർത്തകരെ അനുവദിക്കുന്നില്ലെന്നു പ്രസ് അക്കാദമി മുൻ ചെയർമാൻ എസ്.ആർ. ശക്‌തിധരൻ അഭിപ്രായപ്പെട്ടു.

ജോലി സ്‌ഥിരതയില്ലാത്തതാണ് നിഷ്പക്ഷ മാധ്യമപവർത്തനത്തിന് തടസമാകുന്നതെന്നും മൂല്യ ശോഷണങ്ങൾക്ക് കാരണമാകുന്ന ആസൂത്രിത ശ്രമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ ജി. ശേഖരൻ നായർ അഭിപ്രായപ്പെട്ടു. വാർത്തകൾ വായിച്ച് വിലയിരുത്തേണ്ടത് വായനക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്നു സജി ഡൊമനിക്ക്, ഡോ. മാത്യു ജോയിസ് എന്നിവർ പ്രസംഗിച്ചു. ജയിംസ് കുരിക്കാട്ടിൽ മോഡറേറ്ററായിരുന്നു.

റിപ്പോർട്ട്: ജോൺസൺ പുഞ്ചക്കോണം