ഇന്ത്യൻ ഇ ടൂറിസ്റ്റ് വീസ യാത്രക്കാർക്ക് ഫ്രീ മൊബൈൽ ഫോൺ സിംകാർഡ്
Friday, October 14, 2016 3:42 AM IST
ഫ്രാങ്ക്ഫർട്ട്: ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ ഇലക്ട്രോണിക് വീസ ഓൺ അറൈവലുകളുടെ എണ്ണത്തിൽ കൂടുതൽ വർധനവ് വരുത്താൻ ഇന്ത്യ ഇ ടൂറിസ്റ്റ് വീസ യാത്രക്കാർക്ക് ഫ്രീ മൊബൈൽ ഫോൺ സിംകാർഡ് നൽകുന്നു. ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ ടൂറിസം ഓഫീസ് ആണ് തീരുമാനം ഔദ്യേഗികമായി അറിയിച്ചത്.

ഒക്ടോബർ 15 മുതൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വീസ ഓൺ അറൈവലിൽ ഇന്ത്യയിലെ അന്തരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകൾ പാസ്പോർട്ടും ടിക്കറ്റുമായി അടുത്തുതന്നെ കാണുന്ന ബിഎസ്എൻഎൽ ഫോൺ കൗണ്ടറിൽ സമീപിക്കുമ്പോൾ അവർ ഫ്രീ ആയി ഫ്രീ മൊബൈൽ ഫോൺ സിംകാർഡ് നൽകും. ഈ സിം കാർഡ് തികച്ചും സൗജന്യമാണ്. ഇങ്ങനെ ഫ്രീ ആയി ലഭിക്കുന്ന മൊബൈൽ ഫോൺ സിംകാർഡിൽ എമർജെൻസി കോളുകൾക്കുള്ള ചാർജ് ഉണ്ടാകും. കൂടുതൽ തുക ചാർജ് ചെയ്യണമെങ്കിൽ യാത്രക്കാർക്ക് സ്വന്തമായി പണം അടച്ച് ചാർജ് ചെയ്യാം. ഇലക്ട്രോണിക് ടൂറിസ്റ്റ് വീസ എടുക്കുന്ന വിദേശ പൗരത്വമുള്ള പ്രവാസികൾക്കും ഈ സൗജന്യം പ്രയോജനപ്പെടുത്താം.

ഇന്ത്യയിൽ എത്തുന്ന വിദേശ ടൂറിസ്റ്റിന് ഒരു ഇന്ത്യൻ മൊബൈൽ ഫോൺ സിംകാർഡ് വാങ്ങുക അത്ര എളുപ്പമല്ല. ഈ നൂലാമാലകളിൽ നിന്നെല്ലാം ഒഴിവായി സർക്കാർ നൽകുന്ന ഫ്രീ സിംകാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ യാത്രകൾ സുരക്ഷിതമായി നടത്താം.

അതേസമയം തീരുമാനത്തെ ജർമൻ, യൂറോപ്യൻ ടൂർ ഓപ്പറേറ്റർ അസോസിയേഷൻ സ്വാഗതം ചെയ്തു. കൂടാതെ ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഹെൽപ്പ് ലൈൻ നമ്പരുകളിൽ 12 ഭാഷകൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി മഹേഷ് ശർമ പറഞ്ഞു. ഇപ്പോൾ 184 രാജ്യക്കാർക്ക് ഓൺലൈൻ വഴി ഇന്ത്യൻ വീസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. അതുപോലെ ഇന്ത്യൻ ഇ വീസ കാലാവധി 90 ദിവസമായി ഉയർത്തുകയും ചെയ്തു.

റിപ്പോർട്ട്: ജോർജ് ജോൺ