ഫാമിലി വീസ: ശമ്പള പരിധി ഉയർത്തി
Friday, October 14, 2016 6:10 AM IST
കുവൈത്ത്: കുടുംബ വീസക്കുള്ള ശമ്പളപരിധി വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. നേരത്തെ 250 കുവൈത്ത് ദിനാർ ആയിരുന്നത് 450 ദിനാറായാണ് വർധിപ്പിച്ചിരിക്കുന്നത്.

കുടുംബ വീസ ലഭിക്കാനുള്ള ശമ്പളനിരക്ക് ഒറ്റയടിക്ക് 250ൽനിന്ന് 450 ആയി ഉയർത്തിയത് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. അതേസമയം, നിലവിൽ രാജ്യത്ത് കുടുംബവീസയിൽ കഴിയുന്നവരെയും ഇവിടെ ജനിച്ച മക്കളെയും ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കാൻ റസിഡൻഷ്യൽ വകുപ്പ് മേധാവിക്ക് അധികാരമുണ്ടാകും.

അതേസമയം സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന നിയമോപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂഷൻ അംഗങ്ങൾ, സ്കൂൾ ഡയറക്ടർമാർ, അധ്യാപകർ, മനഃശാസ്ത്ര വിദഗ്ധർ, ലാബ് ടെക്നീഷ്യന്മാർ, ആരോഗ്യമന്ത്രാലയത്തിലെ നഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, ഹെൽത്ത് ടെക്നീഷ്യന്മാർ എന്നിവർക്ക് ശമ്പളപരിധി ബാധകമാവില്ല. യൂണിവേഴ്സിറ്റി ബിരുദധാരികളായ ധനകാര്യ സാമ്പത്തിക വിദഗ്ധർ, എൻജിനിയർമാർ, പള്ളി ഇമാമുമാർ, ബാങ്കുവിളിക്കുന്നവർ, ജുമുഅ പ്രഭാഷകർ, ഖുർആൻ മനഃപാഠമുള്ളവർ എന്നിവർക്കും ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, പ്രഫസർമാർ എന്നിവർക്കും ഇളവുണ്ട്. മാധ്യമപ്രവർത്തകർ, കായികപരിശീലകർ, സ്പോർട്സ് യൂണിയനുകൾക്കും ക്ലബുകൾക്കും കീഴിലെ കളിക്കാർ, പൈലറ്റുമാർ, എയർഹോസ്റ്റസുമാർ, മൃതദേഹങ്ങളുടെ സംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്നവർ എന്നിവർക്കും ഉത്തരവ് ബാധകമല്ല.

പുതിയ ഉത്തരവ് ചുരുങ്ങിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരും മലയാളികളെയും നേരിട്ട് ബാധിക്കുമെന്നാണ് കരുതുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ