റഷ്യയ്ക്കെതിരായ ഉപരോധം യൂറോപ്യൻ യൂണിയൻ പിൻവലിക്കില്ല
Friday, October 14, 2016 6:11 AM IST
ബർലിൻ: റഷ്യക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തത്കാലം പിൻവലിക്കാൻ കഴിയില്ലെന്ന് യൂറോപ്യൻ യൂണിയൻ. ജർമനിയിൽ നടന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

യുക്രെയ്നിലും സിറിയയിലെ അലപ്പോയിലെ സിവിലിയൻമാർക്കുനേരെയും നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേൽ സമ്മർദം ചെലുത്താനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. സിറിയയിൽ മോശം സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും സ്‌ഥിതി ഗതികൾ കൂടുതൽ വഷളാകാതിരിക്കാനുള്ള ഏക പോംവഴി ഉപരോധം തുടരുകയാണെന്നതാണെന്നും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് പറഞ്ഞു.

അതേസമയം സിറിയയിൽ സിവിലിയൻമാർക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ റഷ്യക്കെതിരെ എന്തൊക്കെ നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. യുക്രെയ്നിലെ ക്രീമിയയിൽ അധികാരം സ്‌ഥാപിക്കാനുള്ള റഷ്യയുടെ തീരുമാനത്തിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ