നൊയസ് മലയാളം,ഹിന്ദി വിദ്യാലയം ഓണം ആഘോഷിച്ചു
Friday, October 14, 2016 6:12 AM IST
നൊയസ്: ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ് ഫാളിയ സംസ്‌ഥാനത്തിലെ നൊയസ് നഗരത്തിലെ മലയാളം, ഹിന്ദി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ തിരുവോണം ആഘോഷിച്ചു. സെപ്റ്റംബർ 24 ന് ജോർജ് – മോളി കോട്ടേക്കുടി ദമ്പതികൾ ഒരുക്കിയ അത്തപ്പൂക്കളത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

ഫാ.തോമസ് ചാലിൽ സിഎംഐ, മലയാളം സ്കൂൾ അധ്യാപകരായ അജിപ്രസാദ് മണ്ണിൽ, മേരി ജയിംസ്, ലാലി എടശേരി, ഹിന്ദി അധ്യാപകൻ യുദ്ധവീർ ചദ്ദ എന്നിവർ ഭദ്രദീപം തെളിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തുടർന്ന് വാദ്യമേളങ്ങളുടെയും പുലികളിയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിയ മാവേലിയെ മലയാളി മങ്കമാരുടെ തിരുവാതിര കളിയോടെ എതിരേറ്റു. ജോസ് കാക്കനാട്ട് മാവേലിയായി വേഷമിട്ടു. മലയാളം സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച മഹാവീരൻ മഹാബലി എന്ന നാടകവും

നൊയസ് മലയാളി സമാജത്തിലെ പുരുഷന്മാരുടെ നൃത്തം, ഗാനമേള, വള്ളംകളി, വടംവലി, ഓണച്ചന്ത തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു. ഫോട്ടോ, വിഡിയോ ശൈലേഷ് രാജൻ, വില്യം പത്രോസ് എന്നിവരും സോളമൻ ഏലിയാസ് ശബ്ദസാങ്കേതിക സഹായവും നൽകി. ദീപു ബാലസുബ്രമണ്യം പരിപാടികളുടെ അവതാരകനായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

സണ്ണി പുത്തൻപുരയ്ക്കൽ, ഗ്രേസി പുത്തൻപുരയ്ക്കൽ, അജിത ശൈലേഷ്, ദീപു ബാലസുബ്രമണ്യം എന്നിവരാണ് മലയാളം സ്കൂളിന് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ