വില്ല്യാപ്പള്ളി ഉസ്താദിന് ആദരിച്ചു
Saturday, October 15, 2016 6:46 AM IST
മനാമ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറാംഗവുമായ ശൈഖുന വില്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാരെ സമസ്ത ബഹറിൻ കമ്മിറ്റി ആദരിച്ചു.

കഴിഞ്ഞ ദിവസം മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന സ്വലാത്ത് മജ് ലിസിൽ സമസ്ത ബഹറിൻ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ് സമ്മാനിച്ചു.

ആശൂറാ അവധി ദിനത്തോടനുബന്ധിച്ച് സമസ്ത സംഘടിപ്പിച്ച ദ്വിദിന മുഹറം ക്യാമ്പിലും അനുബന്ധ പഠന ക്ലാസുകളിലും പങ്കെടുക്കാനാണ് ഉസ്താദ് ബഹറിനിലെത്തിയത്. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട പഠന ക്യാമ്പുകളിലും വിവിധ പഠന ക്ലാസുകളിലും കർമ ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ഉസ്താദ് അവതരിപ്പിച്ചത്. പഠന ക്ലാസുകളോടനുബന്ധിച്ച് നടന്ന സംശയ നിവാരണ സെഷനുകളും ഏറെ ശ്രദ്ധേയമായിരുന്നു.

സമസ്ത ബഹറിൻ കേന്ദ്ര ആസ്‌ഥാനത്തും വിവിധ ഏരിയകളിലും നടന്ന ക്ലാസുകളിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം വനിതകൾക്കായി പഠന ക്ലാസും സംഘടിപ്പിച്ചിരുന്നു.

തങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചു മനസിലാക്കണമെന്ന് വിശുദ്ധ ഖുർആൻ 1643 ൽ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ആയതിനാൽ അറിവില്ലാത്ത കാര്യങ്ങൾ ചോദിച്ചു പഠിക്കാൻ എല്ലാവരും തയാറാവണമെന്നും ഉസ്താദ് ആഹ്വാനം ചെയ്തു.

ചടങ്ങിൽ ഉമറുൽ ഫാറൂഖ് ഹുദവി, ഹാഫിസ് ശറഫുദ്ദീൻ മുസ്ലിയാർ, അശ്റഫ് അൻവരി, അബ്ദുറഹ്മാൻ, മുഹമ്മദലി വളാഞ്ചേരി, താണിയുള്ളതിൽ ഹമീദ്, ശഹീർ കാട്ടാമ്പള്ളി, ഖാലിദ് ഹാജി എന്നിവരും സമസ്ത പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.