ട്രിബ്യൂൺ പത്രത്തിന് മലയാളി എഡിറ്റർ
Saturday, October 15, 2016 8:09 AM IST
മസ്കറ്റ്: ഒമാനിലെ അൽത്തായി ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള ഒമാൻ ട്രിബ്യൂൺ ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററായി തൃശൂർ സ്വദേശിയായ അജയകുമാർ മേനോൻ ചുമതലയേറ്റു. ഒമാൻ ട്രിബ്യൂൺ കൂടാതെ ഒമാൻ ഡെയിലി ഒബ്സർവർ, ടൈംസ് ഓഫ് ഒമാൻ, മസ്കറ്റ് ഡെയിലി എന്നിവയാണ് സുൽത്താനേറ്റിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മറ്റു ദിനപത്രങ്ങൾ. മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പ്രസിദ്ധീകരണങ്ങളുൾപ്പെടെ ഒമാനിലെ പ്രമുഖ വിതരണക്കാർ കൂടിയാണ് അൽത്തായി ഗ്രൂപ്പ്. പ്രമുഖ അറബിക് പത്രമായ അൽവത്തനും ഗ്രൂപ്പിന്റെ കീഴിലാണ്.

മൂന്നു വർഷമായി ബ്യൂറോ ചീഫായി പ്രവർത്തിക്കുകയായിരുന്നു എറണാകുളം കിഴക്കമ്പലം സ്വദേശിയായ അജയകുമാർ. നേരത്തെ ഇന്ത്യയിൽ ഡെക്കാൻ ക്രോണിക്കിൾ, ഹിന്ദുസ്‌ഥാൻ ടൈംസിന്റെ മിന്റ്, ഫിനാൻഷ്യൽ എക്സ്പ്രസ്, ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ പോസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: കോലഞ്ചേരി കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്കൂൾ അധ്യാപികയായ അനിത. മക്കൾ: ആതിര, കൃഷ്ണനുണ്ണി.

റിപ്പോർട്ട്: സേവ്യർ കാവാലം