തൊഴിലില്ലായ്മയിൽ ജർമൻകാർക്ക് ആശങ്കയില്ല
Saturday, October 15, 2016 8:10 AM IST
ബർലിൻ: തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്ക ഏറ്റവും കുറവ് ജർമനിയിലെന്ന് പഠന റിപ്പോർട്ട്. 25 രാജ്യങ്ങളിലായി നടത്തിയ സർവേയുടെ അടിസ്‌ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ് എന്ന് അഭിപ്രായപ്പെട്ടത് 15 ശതമാനം മാത്രം ജർമനിക്കാരാണ്. വിവിധ രാജ്യങ്ങളിലായി പതിനെണ്ണായിരം പേരാണ് സർവേയിൽ പങ്കെടുത്തത്.

പഠനം നടന്ന രാജ്യങ്ങളിൽ തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്ക ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് സ്പെയിൻകാരാണ്, എഴുപതു ശതമാനം! ഇറ്റലിക്കാരിൽ അറുപത്താറു ശതമാനം പേർക്കും ദക്ഷിണാഫ്രിക്കക്കാരിൽ അമ്പത്തെട്ടു ശതമാനം പേർക്കും ഈ ആശങ്കയുണ്ട്.

അതതു രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴില്ലായ്മാ നിരക്കുമാണ് ആശങ്കയെ സ്വാധീനിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ. ജർമനിയിൽ 4.2 ശതമാനം മാത്രമാണ് തൊഴിലില്ലായ്മാ നിരക്കെങ്കിൽ സ്പെയ്നിൽ ഇത് ഇരുപതു ശതമാനമാണ്.

എല്ലാം രാജ്യങ്ങളെയും കൂടി ഒരുമിച്ചു പരിഗണിക്കുമ്പോൾ 38 ശതമാനം പേരും തൊഴിലില്ലായ്മയെക്കുറിച്ച് ആശങ്കാകുലരാണ്. കഴിഞ്ഞ ആറു വർഷമായി ഇക്കാര്യത്തിൽ മാറ്റമില്ലെന്നും വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ