ഡാളസ് സാഹിത്യസമ്മേളനം ഒക്ടോബർ 22ന്
Saturday, October 15, 2016 8:13 AM IST
ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ നടക്കുന്ന ദേശീയ മലയാള സാഹിത്യ സമ്മേളനം ഒക്ടോബർ 22ന് (ശനി), കരോൾട്ടൻ ക്രോസ്ബി ലൈബ്രററി ഓഡിറ്റോറിയത്തിൽ നടക്കും.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന സാഹിത്യ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ ജോസ് പനച്ചിപുറം ‘അതിർത്തി കടന്ന അമ്മ മലയാളം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

ചടങ്ങിൽ കേരളത്തിലെ മുഖ്യധാരാ എഴുത്തുകാരനും നടനുമായ തമ്പി ആന്റണി കാലികമായ സാഹിത്യാ, സിനിമാ അനുഭവങ്ങളെക്കുറിച്ചും കാനഡയിലെ ഹാലിഫാക്സിൽ സംഗീതവും സാഹിത്യവും ഗ്രന്ഥരചനയുമായി വസിക്കുന്ന ഫാ. ജോൺ പിച്ചാപ്പിള്ളി അക്ഷരങ്ങളിലെ ആത്മീയത എന്ന വിഷയത്തിലും സംസാരിക്കും. അമേരിക്കൻ മലയാള സാഹിത്യസമൂഹത്തിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ രംഗങ്ങളിൽ വ്യക്‌തി മുദ്ര പതിപ്പിച്ച വ്യക്‌തികളെ ആദരിക്കും.

അക്ഷരസമൂഹത്തോടും സാമാന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങൾ കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോർത്ത് അമേരിക്കയിൽ വളർന്നു വരേണ്ടതിന്റെ ആവശ്യകതയെ മുൻ നിർത്തിയാണ് അസോസിയേഷൻ ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റും എഴുത്തുകാരനുമായ ബിനോയി സെബാസ്റ്റ്യൻ പറഞ്ഞു.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഭാഷാ സ്നേഹിതരുടെ സഹകരണവും പിന്തുണയും ഡാളസ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരിക്കണമെന്ന് സെക്രട്ടി സാം മത്തായി അഭ്യർഥിച്ചു.

സെക്രട്ടറി സാം മത്തായി, മീഡിയ കോഓർഡിനേറ്റർ രവികുമാർ എടത്വ, ട്രസ്റ്റ് ബോർഡ് ചെയർമാൻ രാജു ചാമത്തിൽ, ട്രസ്റ്റി ബോർഡ് അംഗം ബിജു തോമസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.