സൗദിയിൽ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് മലയാളി യുവതി നാട്ടിലേക്ക് മടങ്ങി
Sunday, October 16, 2016 6:58 AM IST
റിയാദ്: സൗദിയിൽ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് വീട്ടുജോലിക്കെത്തി ദുരിതത്തിലായ യുവതി കേളി കലാസാംസ്കാരിക വേദിയുടെ സഹായത്തോടെ നാട്ടിലെത്തി.

ആറു മാസം മുൻപാണ് തൃശൂർ, മാള സ്വദേശിനി ശാരദ കണ്ണൻ വീട്ടുജോലി വീസയിൽ റിയാദിലെ റബ്വയിൽ എത്തുന്നത്. 1300 റിയാൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഏജന്റ് ഉറപ്പു നൽകിയിരുന്നു. പ്രായമായ മാതാവിനെ പരിചരിക്കുക എന്നതാണ് പ്രധാന ജോലിയെന്നും മറ്റു ജോലികൾക്കായി വേറെ ജോലിക്കാരുണ്ടെന്നും ഏജന്റ് ഉറപ്പു നൽകിയിരുന്നതായും ശാരദ പറയുന്നു.

എന്നാൽ എട്ടു പേരടങ്ങുന്ന വീട്ടിൽ മറ്റ് ജോലിക്കാരാരും തന്നെ ഉണ്ടായിരുന്നില്ല. പുലർച്ചെ നാലിന് ആരംഭിക്കുന്ന ജോലി രാത്രി ഒന്നു വരെയും തുടരണം. വിശ്രമത്തിനോ ഉറങ്ങുന്നതിനോ, ഭക്ഷണം കഴിക്കുന്നതിനോ ശരാദക്ക് അനുവാദമില്ലാതിരുന്നു. ഇതിനെല്ലാം പുറമേ ക്രൂര മർദ്ദനവും. അസുഖ ബാധിതയായി തളർന്നു വീണ അവസ്‌ഥയിൽ ആശുപത്രിയിലെത്തിക്കാനോ മരുന്ന് വാങ്ങി നൽകാനോ സ്പോൺസർ തയാറായില്ല. സ്പോൺസറുടെ ബന്ധുവീട്ടിലെ ഡ്രൈവറാണ് ശാരദക്കു വീസ നൽകിയത്. അദ്ദേഹത്തിൻറെ പേരിൽ ഒരു മൊബൈൽ കണക്ഷൻ എടുത്തു നൽകിയിരുന്നു.

കൊടിയ പീഢനത്തിനൊടുവിൽ ഭർത്താവിൻറെ സുഹൃത്ത് വഴി കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ കിഷോർ ഇ നിസാം മുഖേന ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും എംബസി വിഷയത്തിൽ ഇടപെടുകയും വീസ നൽകിയ ഏജന്റിനെ വിളിച്ചു വരുത്തി പ്രശ്നപരിഹാരത്തിനുവേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിന് ഉറപ്പ് പാലിക്കാനാകാതെ വന്നതോടെ ശാരദയെ വനിതാ ഷെൽട്ടറിൽ പാർപ്പിക്കുകയും സ്പോൺസർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അക്കാമ എടുത്തിട്ടില്ലാത്തതിനാലും സ്പോൺസറുടെ നിസഹകരണവും ഒരുമാസത്തോളം വേണ്ടിവന്നു നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ. എല്ലാ നിയമനടപടികളും പൂർത്തിയാക്കി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 03.40ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ശാരദ നാട്ടിലേക്കുമടങ്ങി.