നൂപുരം 2016: നവംബർ നാലിന്
Sunday, October 16, 2016 7:00 AM IST
കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് ഈ വർഷം സംഘടിപ്പിക്കുന്ന മെഗാപരിപാടിയായ ‘നൂപുരം 2016’ നവംബർ നാലിന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് കുവൈത്തിലെ വിവിധ സംഘടനകളുടെ തിരുവാതിര മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത നർത്തകരായ അശ്വതി ശ്രീകാന്ത്, ശ്രീകാന്ത് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. അതിനു ശേഷം കുവൈറ്റിലെ പ്രധാന നൃത്തവിദ്യാലയങ്ങളേയും വനിതാവേദി അംഗങ്ങളേയും സമന്വയിപ്പിച്ചു കൊണ്ടുള്ള വിവിധ കലാപരിപാടികളും വൈകുന്നേരം 5.30 മുതൽ വിശിഷ്‌ടാതിഥികൾ അവതരിപ്പിക്കുന്ന നൃത്തവിരുന്നും അരങ്ങേറും.

നൂപുരം 2016 നോടനുബന്ധിച്ച് വനിതാവേദി കുവൈത്തിന്റെ നേതൃത്വത്തിൽ അട്ടപ്പാടി മേഖലയിലെ ആദിവാസികൾക്കുള്ള കുടിവെള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിൽ മുൻ വർഷങ്ങളിൽ വിജയകരമായി രണ്ട് പ്രോജക്ടുകൾ പൂർത്തിയാക്കിയതിനു ശേഷം വനിതാവേദി കുവൈത്ത് ഏറ്റെടുക്കുന്ന മൂന്നാമത്തെ പദ്ധതിയാണ് അട്ടപ്പാടിയിലേത്.

പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: 24317875, 22393053.

റിപ്പോർട്ട്: സലിം കോട്ടയിൽ