കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടു
Monday, October 17, 2016 3:41 AM IST
കുവൈത്ത് : സർക്കാരും പാർലിമെന്റ് അംഗങ്ങളും തമ്മിൽ മാസങ്ങളായി നിലനിക്കുന്ന തർക്കങ്ങൾക്കൊടുവിൽ കുവൈത്ത് പാർലിമെന്റ് പിരിച്ചുവിടുവാനുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ അംഗീകാരം നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ബയാൻ പാലസിൽ ചേർന്ന അസാധാരണമായ കാബിനറ്റ് യോഗത്തിലാണ് ഭരണഘടനയുടെ 107 വകുപ്പ് അനുസരിച്ച് പാർലിമെന്റ് പിരിച്ചുവിടുവാനുള്ള ശിപാർശ അമീറിനു കൈമാറുവാൻ തീരുമാനിച്ചതെന്ന് പാർലിമെന്റ് കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള അൽ മുബാറക് അൽ സബ അറിയിച്ചു. വിവധ വിഷയങ്ങളിൽ കുറ്റവിചാരണ ഉൾപ്പെടെയുള്ള നടപടികൾക്കായി എംപിമാർ നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ശുപാർശക്കനുസൃതമായി അമീർ ഉത്തരവ് ഇറക്കിയതെന്ന് കരുതുന്നു. പാർലിമെന്റിനെ വിശ്വാസത്തിലെടുക്കാതെ മന്ത്രിസഭയുടെ തീരുമാനപ്രകാരം അടുത്തിടെയായി വർധിപ്പിച്ച ഇന്ധനവിലയിൽ എംപിമാർ കടുത്ത അസംതൃപ്തരായിരുന്നു. എണ്ണ മന്താലയത്തിലെ കെടുകാര്യസ്‌ഥതയും സ്വദേശികൾക്ക് എണ്ണ വർധനവ് മൂലം വന്ന ഭാരിച്ച ജീവിതചെലവും ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു എംപിമാർ.

പാർലിമെന്റ് പിരിച്ചുവിട്ട സാഹചര്യത്തിൽ ഭരണഘടന പ്രകാരം രണ്ടു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. അഞ്ചു മണ്ഡലങ്ങളിൽനിന്നായി 50 പാർലമെൻറ് അംഗങ്ങളെയാണ് പൊതുതെരഞ്ഞെടുപ്പിലൂടെ കണ്ടത്തെുക. ഓരോ മണ്ഡലത്തിൽനിന്നും കൂടുതൽ വോട്ടുനേടിയ ആദ്യത്തെ പത്തുപേർ തെരഞ്ഞെടുക്കപ്പെടും. അതിനിടെ കഴിഞ്ഞ തെരഞ്ഞടുപ്പുകൾ ബഹിഷ്കരിച്ച വിവിധ പ്രതിപക്ഷ ഇസ്ലാമിസ്റ്റ് കക്ഷികൾ വരുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ