ബ്രെക്സിറ്റ് പ്രചാരണത്തിനു സഹായിച്ച ബാങ്കിന്റെ കള്ളപ്പണ രേഖകൾ പുറത്ത്
Tuesday, October 18, 2016 12:41 AM IST
ലണ്ടൻ: ആരോൺ ബാങ്കിന് വിദേശ സ്വകാര്യ ബാങ്കിൽ രഹസ്യ നിക്ഷേപമുള്ളതായി വെളിപ്പെടുത്തൽ. ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് ബന്ധം വിച്ഛേദിക്കുന്നതിന് മുന്നോടിയായി നടന്ന ഹിതപരിശോധനയുടെ പ്രചാരണത്തിന് വൻതുക സംഭാവന നൽകിയ ബാങ്കാണിത്.

ഇതിനകം നിരവധി പ്രശസ്തരുടെ കള്ളപ്പണ ഇടപാടുകൾ ചോർത്തിയ പാനമ പേപ്പേഴ്സ് ആണ് ഈ ബ്രിട്ടീഷ് രാഷ്ര്‌ടീയ നേതാവിന്റെ നികുതി വെട്ടിപ്പ് രീതിയും പുറത്തുവിട്ടത്. കള്ളപ്പണ ഇടപാടിൽ ഒത്താശ നൽകുന്ന മൊസാക് ഫൊൻസേക എന്ന നിയമ സഹായ സ്‌ഥാപനത്തിന്റെ നിരവധി രേഖകൾ പാനമ പേപ്പേഴ്സ് വഴി പുറത്തുവിട്ടിരുന്നു.

ബ്രെക്സിറ്റിന്റെ ശക്‌തനായ വക്‌താവ് നൈജൽ ഫറാഷിന് പ്രചാരങ്ങൾക്കായി ആരോൺ 75 ലക്ഷം പൗണ്ടാണ് സംഭാവന നൽകിയത്. പാനമ കേന്ദ്രമായി പ്രവർത്തിക്കുന്ന മൊസാക് ഫൊൻസേകയുടെ ഉടമസ്‌ഥതയിലുള്ള പിആർഐ ഹോൾഡിങ്സിലെ ഓഹരി ഉടമയാണു ആരോൺ. 25,500 ഓഹരികളാണ് കമ്പനിയിൽ അദ്ദേഹത്തിനുള്ളത്. ആരോണിന് പത്തു കോടി പൗണ്ടിന്റെ സ്വത്തുവഹകൾ ഉള്ളതായി ഈയിടെ ന്യൂ സ്റ്റേറ്റ്സ്മാൻ ദിനപത്രം വെളിപ്പെടുത്തിയിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ