യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേളയിൽ നോർവിച്ച് ചാമ്പ്യന്മാർ
Tuesday, October 18, 2016 5:44 AM IST
ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേളയിൽ നോർവിച്ച് ചാമ്പ്യന്മാരായി. ബാസിൽഡണിൽ ശനിയാഴ്ച നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള സിനിമാ നടി ശോഭന ഉദ്ഘാടനം ചെയ്തു.

ബാസിൽഡൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിച്ച കലാമേളയിൽ 121 പോയിന്റോടെ നോർവിച്ച് മലയാളി അസോസിയേഷൻ ബ്രിട്ടീഷ് പത്രം ചാമ്പ്യൻസ് ട്രോഫി കരസ്‌ഥമാക്കി. 107 പോയിന്റോടെ ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ പി.വി. മത്തായി പുതുവേലിൽ സ്പോൺസർ ചെയ്ത റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. പുതിയതായി അംഗത്വമെടുത്ത ഏലിസ്ബറി മലയാളി അസോസിയേസൻ മൂന്നാം സ്‌ഥാനവും ലൂട്ടൻ മലയാളി അസോസിയേഷൻ നാലാം സ്‌ഥാനവും കരസ്‌ഥമാക്കി.

വ്യക്‌തിഗത ചാമ്പ്യൻ പട്ടമായ കലാതിലകം കോൾചെസ്റ്റർ മലയാളി കമ്യൂണിറ്റിയിലെ അർച്ചന ഷഹ സജീനും കലാ പ്രതിഭ ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ അംഗമായ ഷോൺ ഷിബിയും നേടി. അർച്ചന ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും സിനിമാറ്റിക് ഡാൻസിലും ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി 15 പോയിന്റ് നേടിയപ്പോൾ സിനിമാറ്റിക് ഡാൻസിൽ ഒന്നാം സ്‌ഥാനവും ഫാൻസി ഡ്രസിൽ മൂന്നാം സ്‌ഥാനവും നേടി ഷോൺ ആറ് പോയിന്റോടെ കലാപ്രതിഭയായി.

മൂന്നു സ്റ്റേജിലായി രാവിലെ തന്നെ ആരംഭിച്ച മത്സരങ്ങൾ ഇടവേളകളില്ലാതെ മുന്നേറിയതും രാത്രി 8.30ഓടെ ഫലപ്രഖ്യാപനം നടത്തിയതും സംഘാടക മികവായി. നാഷണൽ പ്രസിഡന്റ് ഫ്രാൻസിസ് കവളക്കാട്ടിൽ, റീജണൽ പ്രസിഡന്റ് രഞ്ജിത്ത് കുമാർ, സെക്രട്ടറി ഓസ്റ്റിൽ അഗസ്റ്റിൻ, കലാമേള കോഓർഡിനേറ്റർ കുഞ്ഞുമോൻ ജോബ്, ബാസിൽഡൻ മലയാളി അസോസിയേഷൻ ഭാരവാഹികളായ സജിലാൽ, ജിജോ എന്നിവർ നേതൃത്വം നല്കി. നാഷൺ കമ്മിറ്റിക്കുവേണ്ടി യുക്മ വൈസ് പ്രസിഡന്റ് മാമ്മൻ ഫിലിപ്പും ട്രഷറർ ഷാജി തോമസും കലാമേളയിൽ പങ്കെടുത്തു.