പ്രകാശം ഈ പ്രവാസം: ഐസിഎഫ് കാമ്പയിന് തുടക്കമായി
Tuesday, October 18, 2016 5:45 AM IST
ജിദ്ദ: ഐസിഎഫ് പ്രകാശം ഈ പ്രവാസം എന്ന പേരിൽ രണ്ടു മാസക്കാലയളവിൽ ബൃഹത്തായ പദ്ധതികളുൾക്കൊള്ളുന്ന കാമ്പയിന് തുടക്കം കുറിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കേരളീയ സമൂഹത്തിന്റെ എട്ടിലൊന്ന് വരുന്ന പ്രവാസികളെ സ്വയം എരിഞ്ഞടങ്ങുന്ന മെഴുകുതിരിയായും പ്രയാസത്തിന്റെ പര്യായമായും ചിത്രീകരിക്കുന്നതിനു പകരം സ്വയം നേടിക്കൊടുത്ത മലയാളിയുടെ അതിജയപാഠങ്ങൾക്ക് നിറം നൽകുകയാണ് കാമ്പയിന്റെ ലക്ഷ്യം. മെഴുകുതിരിയിലെ ജ്വലിക്കുന്ന പ്രകാശത്തെയാണ് പ്രവാസി പ്രതിനിധാനം ചെയ്യേണ്ടത്. അതിലൂടെ പ്രകാശമാനമായി നിൽക്കുകയാണ് സമൂഹം.

പ്രകാശം ഈ പ്രവാസം എന്ന പ്രമേയവുമായി ഐസിഎഫ് ജിസിസി തലത്തിൽ 600 കേന്ദ്രങ്ങളിൽ നടത്തിവരുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി ജിദ്ദ ഐസിഎഫും 44 കേന്ദ്രങ്ങളിൽ യൂണിറ്റ് സമ്മേളനങ്ങളും വിവിധ ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ജിദ്ദയിലെ 44 കേന്ദ്രങ്ങളിലും ‘സ്റ്റാർട്ട് അപ്’ എന്ന പേരിൽ വിപുലമായ പ്രവർത്തക സംഗമങ്ങൾ വിളിച്ച് ചേർത്ത് സംഘാടക സമിതി രൂപീകരിച്ചു കഴിഞ്ഞു.

പ്രവാസ ജീവിതം സർഗാത്മകമാക്കേണ്ടതിന്റെ അനിവാര്യത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി യുവത്വം സമൂഹനന്മക്ക് എന്ന ശീർഷകത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഐസിഎഫിന്റെ മുഖ്യ അജണ്ടകളിൽ ഒന്നായ സാന്ത്വനജീവ കാരുണ്യ പ്രവർത്തനങ്ങൾ സമ്മേളനം ചർച്ച ചെയ്യപ്പെടും.

ക്യാമ്പയിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി വനിതാ സംഗമം, കൊളാഷ് പ്രദർശനം, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനങ്ങൾ, നിയമ അവകാശ ബോധവൽക്കരണം വായനയെ പ്രോൽസാഹിപ്പിക്കുന്നതിനുള്ള പ്രത്യേക കാമ്പയിൻ തുടങ്ങിയവ നടപ്പാക്കുന്നുവെന്നും ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സയിദ് ഹബീബ് കോയതങ്ങൾ, മുഹ്യുദ്ദീൻ സഅദി കൊട്ടൂക്കര, അബ്ദുറഹ്മാൻ മളാഹിരി, മുജീബ് എആർ നഗർ, അബ്ദുറബ് ചെമ്മാട്, ബശീർ എറണാകുളം, അബ്ദുൽ ഗഫൂർ വാഴക്കാട്, അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ