ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്കറ്റ് കേരള വിഭാഗം വിജ്‌ഞാനോത്സവം സംഘടിപ്പിച്ചു
Tuesday, October 18, 2016 5:46 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്കറ്റ് കേരള വിഭാഗം സംഘടിപ്പിച്ച വിജ്‌ഞാനോത്സവത്തിൽ വൻ ജന പങ്കാളിത്തം. ഇന്ത്യൻ സ്കൂൾ ഡാർസയിറ്റിൽ നടന്ന മത്സരത്തിൽ ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി എണ്ണൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുത്തത് ഇന്ത്യൻ സ്കൂൾ ഡാർസയിറ്റിൽ നിന്നാണ്. കേരള സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷയും പ്രമുഖ എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ് ക്വിസ് മാസ്റ്റർ ആയിരുന്നു.

ഒമാനിലെ പ്രവാസി വിദ്യാർഥികളിൽ മലയാള ഭാഷയോടും സാഹിത്യത്തോടും അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം തവണയാണ് കേരള വിഭാഗം വിജ്‌ഞാനോത്സവം സംഘടിപ്പിക്കുന്നത്.

കേരള വിദ്യാഭ്യാസമന്ത്രി പ്രഫ. കെ.എൻ രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിംഗിലൂടെ മത്സരം ഉദ്ഘാടനം ചെയ്തു. മാതൃഭാഷയായ മലയാളഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനു പ്രവാസ ലോകത്ത് കേരള വിഭാഗം നടത്തുന്ന പ്രവർത്തങ്ങൾ ഏറെ വിലമതിക്കുന്നുവെന്നു രവീന്ദ്രനാഥ് പറഞ്ഞു. ധന മന്ത്രി ഡോ. തോമസ് ഐസക്, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ, തദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ എന്നിവരും ആശംസകൾ നേർന്നു.

സീനിയർ ജൂണിയർ വിഭാഗങ്ങളിൽ നിന്നായി പ്രാഥമിക മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ആറു ടീമുകൾ വീതമാണ് ഫൈനലിൽ എത്തിയത്. കല സാഹിത്യം രാഷ്ര്‌ടീയം സ്പോർട്സ് ആനുകാലികം തുടങ്ങിയ റൗണ്ടുകളിലായി നടത്തിയ മത്സരം കാണികളിലും ആവേശമായി. ജൂണിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗുബ്രയിലെ പവിത്ര നായർ, അലൻ സജി, നിരഞ്ജൻ ജിതീഷ് എന്നിവരടങ്ങിയ ടീം ഒന്നാം സ്‌ഥാനവും ഇന്ത്യൻ സ്കൂൾ ഡാർസയിറ്റിലെ പ്രണവ് വിനോദ് പിള്ള, ഐഷ റയീം, ഗംഗ കെ.ഗിരീഷ് എന്നിവർ രണ്ടാം സ്‌ഥാനവും ഇന്ത്യൻ സ്കൂൾ സീബിലെ നിരഞ്ജൻ എ, സി.കെ. റാണ, എം.പി. ഐശ്വര്യ എന്നിവർ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ ഗോകുൽ കൃഷ്ണ മനോജ്, ലക്ഷ്മി അനിൽകുമാർ, അശ്വിൻ ശ്രീകുമാർ എന്നിവരടങ്ങിയ ടീം ഒന്നാം സ്‌ഥാനവും ഇന്ത്യൻ സ്കൂൾ ഗുബ്രയിലെ ലക്ഷ്മി സജീവ്, മാളവിക ശിവപ്രസാദ്, സൌപർണ ശ്രീകുമാർ എന്നിവർ രണ്ടാം സ്‌ഥാനവും ഇന്ത്യൻ സ്കൂൾ ദാർസയിറ്റിലെ അലൻ എസ്. തോമസ്, അഭിരാമി പ്രകാശ്, നിവേദ് ആർ. നായർ എന്നിവർ മൂന്നാം സ്‌ഥാനവും നേടി.

സമാപന സമ്മേളനത്തിൽ കേരള വിഭാഗം കൺവീനർ രജിലാൽ കോക്കാടൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയും കേരള വിഭാഗം സ്‌ഥാപക കൺവീനറുമായ പി.എം. ജാബിർ, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിത്സൺ ജോർജ് സംബന്ധിച്ചു. വിജയികൾക്ക് ഡോ. ഖദീജ മുംതാസ് പ്രശസ്തി പത്രവും ഫലകവും വിതരണം ചെയ്തു.

റിപ്പോർട്ട്: സേവ്യർ കാവാലം