സ്വദേശിവത്കരണം; ഏഴായിരം സ്‌ഥാപനങ്ങൾ ഉത്തരവു നടപ്പാക്കി
Tuesday, October 18, 2016 5:48 AM IST
ദമാം: മൊബൈൽ ഫോൺ വിപണന മേഘലയിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഇതിനകം 7000 സ്‌ഥാപനങ്ങൾ നടപ്പിലാക്കിയതായി മന്ത്രാലയം അറിയിച്ചു.

തൊഴിൽ മന്ത്രാലയം ഉൾപ്പെടെ വിവധ മന്ത്രാലയങ്ങളുടെ ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനകളിൽ 10054 നിയമ ലംഘനങ്ങൾ കണ്ടെത്തി.നിയമ ലംഘനം കണ്ടെത്തുന്നതിനായി പരിശോധന തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം വിദേശികൾ ഓൺലൈൻ വഴി മൊബൈൽ ഫോൺ കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സൗദി തൊഴിൽ മന്ത്രാലയ വക്‌താവ് ഖാലിദ് അബാഖൈൽ വ്യക്‌തമാക്കി. ചില വിദേശികൾ സോഷ്യൽ മീഡിയെ കൂട്ടുപിടിച്ച് മൊബൈൽ ഫോൺ വിപണിയിൽ ഇടപെടുമ്പോൾ ചില വിദേശികൾ താമസ സ്‌ഥലം കേന്ദ്രീകരിച്ചു റിപ്പയറിംഗ് ജോലികൾ നടത്തുന്നു. സൗദിയുടെ ഇതരഭാഗങ്ങളിൽ പാർപ്പിട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ റിപ്പയറിംഗ് നടത്തിയ ചിലരെ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. ചില മൊബൈൽ ഫോൺ ഏജൻസികൾ സ്വദേശികൾക്കു മൊബൈൽ ഫോൺ വിൽപന നടത്താൻ തയാറാവുന്നില്ലന്നു പരാതി ലഭിച്ചിട്ടുണ്ട്. ഇതു പരിശോധിച്ചു നടപടി സ്വീകരിക്കും. മൊബൈൽ ഫോൺ മേഖലയിൽ 25000 പേർക്കു കൂടി അവസരമുണ്ട്. സൗദിയിലെ വലിയൊരു വിപണിയാണ് മൊബൈൽ ഫോൺമേഖലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യക്കാരുൾപ്പെടെ വിദേശികളായിരുന്നു ഈ മേഘലയിലെ ബഹുഭൂരിപക്ഷം കച്ചവടക്കാരും. എന്നാൽ ഈ മേഘലയിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കിയെങ്കിലും ചില സ്‌ഥലങ്ങളിൽ മതിയായ കച്ചവടം ഇല്ലാത്തതിനാൽ സ്വദേശികൾ മൊബൈൽ വിൽപന സ്‌ഥാപനങ്ങൾ ഒഴിവാക്കുന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം മൊബൈൽ ഫോൺ വിപണന സ്‌ഥാപനങ്ങൾ ആരംഭിക്കുന്നതിനു സ്വദേശികൾക്ക് വായ്പ നൽകിയതായി സൗദി സേവിംഗ് ബാങ്ക് അറിയിച്ചു. രണ്ടു ലക്ഷം റിയാലാണ് വായ്പയായി നൽകുന്നത്. ഇതുകൂടാതെ മൊബൈൽ ഫോൺ കട നടത്തുന്ന ഓരോ സ്വദേശിക്കും മാസം തോറും മൂവായിരം റിയാൽ സഹായധനവും നൽകുന്നുണ്ട്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം