മാഞ്ചസ്റ്ററിൽ ഇടവക ദിനവും സൺഡേസ്കൂൾ വാർഷികവും മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും 30ന്
Tuesday, October 18, 2016 5:50 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്റ് തോമസ് സീറോ മലബാർ കമ്യൂണിറ്റിയിൽ ഇടവക ദിനവും സൺഡേസ്കൂൾ വാർഷികവും മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും ഒക്ടോബർ 30ന് (ഞായർ) നടക്കും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പായി അഭിഷിക്‌തനായശേഷം ആദ്യമായി മാഞ്ചസ്റ്ററിൽ എത്തിച്ചേരുന്ന സ്രാമ്പിക്കലിനെ സ്വീകരിക്കുവാൻ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ഉച്ചക്ക് ഒന്നിന് നോർത്ത് എൻഡിലെ സെന്റ് ഹിൽഡാസ് ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മാർ.ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിക്കും. നിരവധി വൈദികർ സഹകാർമികരായിരിക്കും. തുടർന്നു സെയിൽ കമ്യൂണിറ്റി ഹാളിൽ സ്വീകരണവും പൊതു സമ്മേളനവും സൺഡേ സ്കൂൾ വാർഷിക ആഘോഷങ്ങളും കലാസന്ധ്യയും അരങ്ങേറും.

ഇടവക വികാരി റവ. ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികൾ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ