എൻഎസ്എസ് കുവൈത്ത് ഓണാഘോഷം നടത്തി
Tuesday, October 18, 2016 5:54 AM IST
കുവൈത്ത് സിറ്റി : നായർ സർവീസ് സൊസൈറ്റി കുവൈത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ‘ശ്രാവണപ്പൂമ്പുലരി 2016’ വിവിധ കലാപരിപാടികളോടെ അരങ്ങേറി. ഖൈത്താൻ കാർമൽ സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കെ.കെ. പാഹേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മധുവെട്ടിയാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ, വനിതാസമാജം കൺവീനർ ദീപ പിള്ള, സംസ്കൃതി പ്രസിഡന്റ് ഹരിദാസ്, ട്രഷറർ ശ്രീകുമാർ വി. പിള്ള എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന കലാപരിപാടികളിൽ കൈമനം സിസ്റ്റേഴ്സ് അവതരിപ്പിച്ച ദുര്യോധനവധം കഥകളി മുഖ്യ ആകർഷണമായിരുന്നു. മോഹിനിയാട്ടം, സംഘഗാനം, തിരുവാതിരകളി, വള്ളപ്പാട്ട്, സമൂഹത്തിൽ സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന നീതി ചൂണ്ടിക്കാണിച്ച തീം ഡാൻസ്, ദേശഭക്‌തിയ്ക്ക് പ്രാധാന്യം കൊടുത്തുള്ള പാട്രിയോടിക് ഡാൻസ്, ഹംസദൂത്, തെയ്യം ഉൾപ്പെടെയുള്ള നിരവധി കലാരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൃത്തശിൽപവും കണ്യാർകളിയും പുരാണങ്ങളിലെ അഞ്ച് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ഡാൻസ് ഡ്രാമ ‘നിറം’ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രോഗ്രാം കൺവീനർ ഹരി വി. പിള്ള പരിപാടിക്ക് നേതൃത്വം നൽകി.

ആയിരത്തിഅഞ്ഞൂറോളംപേർ പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത ആറന്മുള വള്ളസദ്യാ വിദഗ്ധൻ ഗോപാലകൃഷ്ണൻനായരുടെ നേതൃത്വത്തിൽ തയാറാക്കിയ ഓണസദ്യയും ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ