ട്രംപിനെതിരായുള്ള ആരോണം അടിസ്‌ഥാനരഹിതം: മെലനിയ ട്രംപ്
Tuesday, October 18, 2016 5:56 AM IST
സെന്റ് ലൂയിസ്: അമേരിക്കൻ പ്രസിഡന്റ് സ്‌ഥാനാർഥി ഡോണാൾഡ് ട്രംപിനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക ആരോപണങ്ങൾ തീർത്തും വ്യാജമാണെന്നും ആരോപണം ഉന്നയിച്ച സ്ത്രീകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഡോണാൾഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ് ഒക്ടോബർ 17ന് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

വാർത്താ മാധ്യമങ്ങളും ക്ലിന്റൺ ക്യാമ്പയിനും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഇരയാണു തന്റെ ഭർത്താവെന്നും മെലനിയ ചൂണ്ടിക്കാട്ടി.

ഞാൻ ട്രംപിനെ പൂർണമായും വിശ്വസിക്കുന്നു. പ്രതിപക്ഷം മിനഞ്ഞെടുത്ത നിറം പിടിപ്പിച്ച നുണകളാണിതെല്ലാം. ആരോപണം ഉന്നയിച്ചവരുടെ പൂർവകാല ചരിത്രം പരിശോധിച്ചാൽ കൂടുതൽ സത്യങ്ങൾ പുറത്തു വരുമെന്നും അവർ പറഞ്ഞു.

ട്രംപിനെതിരെ വീഡിയോ ടേപ്പ് പ്രത്യക്ഷപ്പെട്ടതിനുശേഷം ആദ്യമായാണ് മെലനിയ ട്രംപിനെ അനുകൂലിച്ച് രംഗത്തെത്തുന്നത്. ശക്‌തമായ അമേരിക്ക എന്നു സ്വപ്നം കാണുന്നവർ ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നും വില കുറഞ്ഞ പ്രചാരണ തന്ത്രങ്ങൾ ട്രംപിന്റെ വിജയത്തെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും മെലനിയ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ