ബിഎംടിസി രാത്രി ബസുകൾ ഈയാഴ്ച മുതൽ
Tuesday, October 18, 2016 6:14 AM IST
ബംഗളൂരു: രാത്രി വൈകിയുള്ള യാത്രക്കാർ ക്കായി ബിഎംടിസിയുടെ രാത്രി സർവീസുകൾ ഉടൻ സർവീസ് ആരംഭിക്കും. രാത്രി ഒരു മണി വരെയാണ് സർവീസ്. നിലവിൽ രാത്രി പത്തു വരെയേ ബസ് സർവീസ് ഉള്ളൂ. ആദ്യഘട്ടത്തിൽ പത്തു ബസുകളായിരിക്കും നിരത്തിലിറക്കുക. അടുത്ത മാസം പത്തു സർവീസുകൾ കൂടി ആരംഭിക്കും. നഗരത്തിൽ മൊത്തം 100 രാത്രി സർവീസുകൾ നടത്താനാണ് ബിഎംടിസി പദ്ധതിയിടുന്നത്.

യശ്വന്തപുര, ഹൊസൂർ റോഡ്, മാറത്തഹള്ളി, കെആർ പുരം, ഹെബ്ബാൾ തുടങ്ങി നഗരത്തിലെ ഏറ്റവും തിരക്കേറിയ 12 ഭാഗങ്ങളിലേക്കാണ് ആദ്യം സർവീസ് നടത്തുക. ബംഗളൂരുവിലെ ടെക്കികളടക്കമുള്ള യാത്രക്കാരുടെ നിരന്തരമായ ആവശ്യമായിരുന്നു രാത്രി സർവീസ്. രാത്രി വൈകി ജോലി കഴിഞ്ഞ് വരുന്നവർക്ക് ഈ സർവീസ് ഏറെ ഗുണം ചെയ്യും. രാവിലെ ആറു മുതലുള്ള സർവീസുകൾ പുലർച്ചെ നാലിന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിരാവി ലെയുള്ള ഷിഫ്റ്റുകളിൽ ജോലിചെയ്യുന്ന ഐടി ജീവനക്കാരെപ്പോലുള്ളവർക്ക് ഈ സേവനം ഏറെ സഹായകമാകും. നിലവിൽ രാത്രി വൈകിയും പുലർച്ചെയുമുള്ള യാത്രകൾക്ക് ടാക്സികളെയും ഓട്ടോറിക്ഷകളെയുമാണ് ആശ്രയിക്കുന്നത്. എന്നാൽ, രാത്രി കഴിഞ്ഞുള്ള സർവീസിന് ഇവർ അമിതമായ കൂലി ഈടാക്കുന്നതായാണ് പരാതി. രാത്രി സർവീസുകൾ ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ.