പാണ്ഡവപുരം പ്രകാശനം ഫ്രാങ്ക്ഫർട്ടിൽ 19ന്
Tuesday, October 18, 2016 8:13 AM IST
ഫ്രാങ്ക്ഫർട്ട്: മലയാള നോവൽ സാഹിത്യത്തിലോകത്തെ പ്രശസ്തനായ സേതുവിന്റെ ‘പാണ്ഡവപുരം’ എന്ന നോവൽ ഒക്ടോബർ 19ന് (ബുധൻ) ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ പ്രകാശനം ചെയ്യും.

ലോകത്തെ ഏറ്റവും വലിയ അന്തർദേശീയ പുസ്തകമേളയുടെ ആദ്യ ദിവസമാണ് പുസ്തകപ്രകാശനം നടക്കുന്നത്. മേളയിൽ തിരൂർ മലയാള സർവകലാശാലയൊരുക്കുന്ന പവലിയനിൽ നടക്കുന്ന ചടങ്ങിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. കെ ജയകുമാർ ഐഎഎസ് നോവലിന്റെ പ്രകാശനകർരം നിർവഹിക്കും. കേരളത്തിൽ നിന്നുള്ള പ്രസാധകർക്കൊപ്പം മലയാളി സുഹൃത്തുക്കളും കഥാകാരൻ അനേലിൽ സേതുമാധവനും ചടങ്ങിൽ പങ്കെടുക്കും. ഹാൾ 6.ഒ/എ6 ആണ് ഇന്ത്യൻ പവലിയൻ.

ഏതാണ്ട് നാലു പതിറ്റാണ്ടു(1967) മുൻപു രചിക്കപ്പെട്ട നോവലാണ് പാണ്ഡവപുരം. ഇന്ത്യയിലെ ഏഴു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്ന ഈ നോവൽ ബംഗാളി ഭാഷയിൽ സിനിമിയാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പ്രേമ ജയകുമാർ ആണ്. ഇംഗ്ലീഷിൽ നിന്ന് സലോമി ഹൈൻ ആണ് ജർമൻ ഭാഷയിലേയ്ക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. ഹൈഡൽബർഗിലെ ദ്രൗപതി ഫെർലാഗ് (പ്രസിദ്ധീകരണശാല) ആണ് ജർമനിയിലെ പ്രസാധകർ. നോവലിന്റെ വില 14 യൂറോയാണ്.

തിരൂർ എഴുത്തച്ഛൻ മലയാള സർവകലാശാല തെരഞ്ഞെടുത്ത 80 മലയാള സാഹിത്യകൃതികളെ ജർമൻ ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിക്കുന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിക്കും.

ഈ വർഷം ഡിസംബറിൽ ടർക്കിഷ് ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെടുന്ന നോവൽ ഫ്രഞ്ച് ഭാഷയിലൂടെയും അധികം താമസിയാതെ വിപണിയിൽ പ്രത്യക്ഷപ്പെടും.

പാണ്ഡവപുരം കോളനിയിൽ നടക്കുന്ന കഥയിൽ ദേവി എന്നു വിളിക്കുന്ന സ്ത്രീയാണ് കേന്ദ്രകഥാബിന്ദു. വിവാഹിതയായി കുടുംബജീവിതം നയിക്കുന്ന ദർത്തൃമതിയായ ദേവി, പ്രണയത്തിന്റെ മധുരം കാമുകനുമായും ഭർത്താവുമായും ഒരേ സമയം പങ്കുവയ്ക്കപ്പെടേണ്ടി വരികയും അതിന്റെയിടയിൽ ഉഴലുന്ന ദേവിയുടെ മാനസിക പിരിമുറുക്കത്തിന്റെയും ഉൾപ്രേരക ശക്‌തിയുടെയും കഥയാണ് നോവലിലൂടെ ആഖ്യാനം ചെയ്യപ്പെടുന്നത്.

ഒക്ടോബർ 18ന് വൈകുന്നേരം അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെട്ട പുസ്തക മേളയുടെ ഇത്തവണത്തെ അതിഥി രാജ്യം ഹോളണ്ടാണ്. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തിലേറെ പ്രസാധകരാണ് അഞ്ചു ദിവസം നീളുന്ന മേളയിൽ പങ്കെടുക്കുന്നത്. 70 രാജ്യങ്ങളിൽ നിന്നായി 10,000 ത്തോളം മാധ്യമ പ്രവർത്തകർ ഇത്തവണത്തെ മേള ലോകവായനക്കാരിൽ നിറയ്ക്കാൻ ഫ്രാങ്ക്ഫർട്ടിൽ എത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നും 60 ഓളം പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും പ്രമുഖരായ ഡിസി ബുക്സ് ഉൾപ്പടെ നിരവധി പ്രസാധകർ മേളയിൽ എത്തിയിട്ടുണ്ട്.

ആരംഭ ദിവസം രാവിലെ ഒമ്പതു മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശന സമയം. അറുപത്തിയെട്ടാമത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് 23 ന്(ഞായർ) തിരശീല വീഴും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ