വിവാദങ്ങൾക്കിടയിൽ ഹില്ലരി –ട്രംപ് മൂന്നാം ഡിബേറ്റ് 19ന്
Tuesday, October 18, 2016 8:14 AM IST
പോർട്ട്സ്മൗത്ത് (ന്യൂഹാംഷെയർ): മൂന്നാമത്തേതും അവസാനത്തേതുമായ പ്രസിഡൻഷ്യൽ ഡിബേറ്റ് ഒക്ടോബർ 19ന് (ബുധൻ) നടക്കും. ചരിത്രത്തിലാദ്യമായിട്ടായിരിക്കണം ഇത്രയധികം ചൂടേറിയ പശ്ചാത്തലത്തിൽ ഒരു വാഗ്വാദം നടക്കുന്നത്. ഡോണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി അര ഡസൻ സ്ത്രീകൾ രംഗത്തെത്തി. എന്നാൽ ഈ ആരോപണങ്ങൾ മൂർച്ചയേറിയ ആയുധങ്ങളാക്കി മാറ്റുവാൻ ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ വലിയ ഉത്സാഹം കാണിച്ചില്ല. കാരണം ചില്ലുമേടയിലിരുന്ന് കല്ലെറിയരുത് എന്ന പ്രമാണം ഓർത്തിട്ടാകാം എന്ന് ചില നിരീക്ഷകർ പറഞ്ഞു.

ഇതിനിടയിൽ 1978ൽ ബിൽ ക്ലിന്റൺ തന്നെ മാനഭംഗം ചെയ്തു എന്നാരോപിച്ച വനിതാ ബ്രോഡറിക്കിന്റെ ഇമെയിലുകൾ ഹില്ലരിയുടെ അനുയായികൾ ഹാക്ക് ചെയ്തതായി ഒരു റിപ്പോർട്ട് വാഷിംഗ്ടൻ പോസ്റ്റ് പ്രസിദ്ധീകരിച്ചു. 1990ൽ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ക്ലേടൺ വില്യംസും ഡെമോക്രാറ്റിക് സ്‌ഥാനാർഥി ആൻ റിച്ചാർഡ്സും ടെക്സസ് ഗവർണർ സ്‌ഥാനത്തേയ്ക്ക് മത്സരിച്ചപ്പോൾ വില്യംസിനെതിരെ ട്രംപിന് സമാനമായ ആരോപണങ്ങൾ ഉണ്ടായി. വില്യംസും വീമ്പുപറച്ചിലിനും പരുക്കൻ പെരുമാറ്റത്തിനും ലോക്കർ റൂം കഥകൾക്കും പേരു കേട്ട ധനാഢ്യനായിരുന്നു. പുറത്തുനിന്നെത്തി റിപ്പബ്ലിക്കനുകളെ അമ്പരപ്പിച്ച് പാർട്ടി ടിക്കറ്റ് സ്വന്തമാക്കിയ സ്‌ഥാനാർഥി 1986ൽ വ്യവസായ നഷ്‌ടം കാണിച്ച് നികുതി അടച്ചില്ല. 28 ലക്ഷം ടെക്സനുകൾ വോട്ടു ചെയ്തു. തെരഞ്ഞെടുപ്പിൽ റിച്ചാർഡ്സ് 99,000 വോട്ടുകൾക്ക് വിജയിച്ചു.

ഈ തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കും എന്ന് ട്രംപ് ഇപ്പോഴേ ആരോപിക്കുന്നു. പരാജയ ഭീതി മൂലമാണിതെന്ന് ഹില്ലരി ക്യാമ്പ് വാദിക്കുന്നു. ട്രംപിന് നിരത്തുവാൻ തെളിവുകളൊന്നും ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളെയും ട്രംപ് പഴിക്കുന്നു. ഒരു വിഭാഗം മാധ്യമങ്ങൾക്ക് ഇത് നിസാരമായി തളളാനാവില്ല എന്നതാണ് വാസ്തവം. ചില മാധ്യമങ്ങളിൽ സ്‌ഥിരമായി കെട്ടിച്ചമച്ചതെന്ന് വ്യക്‌തമാവുന്ന റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടുന്നു. ഉൾ നഗരങ്ങളിലെ സായുധ സംഘങ്ങളെക്കുറിച്ച് ട്രംപ് പറഞ്ഞിരുന്നു. ഇപ്പോൾ ചില മാധ്യമങ്ങൾ ഇവ സമാധാനത്തിന്റെയും സംതൃപ്തിയുടെയും സന്തോഷത്തിന്റെയും മേഖലകളായി ചിത്രീകരിക്കുന്നു.

സമാധാനത്തെകുറിച്ച് പറയുമ്പോൾ മറ്റൊരു സന്ദർഭത്തിലാണെങ്കിലും ട്രംപിനെ പിന്തുണയ്ക്കുന്ന പീറ്റർ കോസ്തുരുബ എന്ന സാധാരണക്കാരന്റെ പ്രതികരണം ശ്രദ്ധേയമാണ്. ഹില്ലരി ജയിച്ചാൽ കലാപം ഉണ്ടാകുമെന്ന് ഇയാൾ കരുതുന്നില്ല. എന്നാൽ രാജ്യത്ത് വളരെ തീവ്രമായ ധ്രുവീകരണം ഉണ്ടായി എന്ന് അഭിപ്രായപ്പെടുന്നു. വിഭാഗീയത വളരെ രൂക്ഷമായതായും രണ്ട് അമേരിക്ക എന്ന വിശേഷണം ഉപയോഗിക്കേണ്ടി വരുന്നതായും മാധ്യമ രംഗത്തുളള ചിലർ പറയുന്നു.

ഇതിനിടയിൽ വിക്കി ലീക്ക്സ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി. പ്രതിഫലം വാങ്ങി ഗോൾഡ് മാൻ സാക്ക്സിന് വേണ്ടി നടത്തിയ പ്രസംഗങ്ങളിൽ സാമ്പത്തിക മാന്ദ്യത്തിന് വാൾസ്ട്രീറ്റ് ഉത്തരവാദിയല്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്ന് രേഖകൾ ഉദ്ധരിച്ച് വിക്കി ലീക്ക്സ് പറഞ്ഞു. ഹില്ലരിയുടെ ക്യാമ്പയിൻ ചെയർമാന്റെ ഇമെയിലുകൾ ചോർത്തി നടത്തിയ വെളിപ്പെടുത്തലിൽ ബാങ്കിംഗ് വ്യവസായത്തിൽനിന്നു ലഭിച്ച സംഭാവനകൾ മൂലമാണ് ഹില്ലരി ഈ നിലപാട് സ്വീകരിച്ചതെന്ന് വ്യക്‌തമല്ല. പ്രൈമറികളിൽ മത്സരിക്കുമ്പോൾ എതിരാളി ബേണി സാൻഡേഴ്സ് ഉന്നയിച്ചിരുന്ന പ്രധാന ആരോപണം വൻകിട ബാങ്കുകളിൽ നിന്ന് ഹില്ലരി വലിയ സംഭാവനകൾ സ്വീകരിച്ചു എന്നായിരുന്നു.

90 മിനിറ്റ് വീതം ദൈർഘ്യമുളള രണ്ട് ഡിബേറ്റുകളിലും ഹില്ലരിയും ട്രംപും വാഗ്വാദം നടത്തിയെങ്കിലും സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഇരുവരും സ്പർശിച്ചില്ല എന്ന് ആരോപണമുണ്ട്. ഹില്ലരിക്കെതിരെ ധാർമികതയുടെ ആരോപണങ്ങൾ ട്രംപ് ഉന്നയിക്കുമ്പോൾ നടപടി ദൂഷ്യം ട്രംപിനെതിരെ ഉന്നയിച്ചാണ് ഹില്ലരി പ്രതിരോധിക്കുന്നത്. ഒരു വെടിനിർത്തൽ സമീപനം ഇരു പക്ഷത്തുനിന്നും ഉണ്ടാവാൻ സാധ്യതയില്ല. വ്യക്‌തമായ നയങ്ങളോ നിർദേശങ്ങളോ ഉണ്ടാകണമെങ്കിൽ ഇത് ആവശ്യമാണ്. ശേഷിച്ച മൂന്നാഴ്ചകളിലും കൂടുതൽ വെളിപ്പെടുത്തലുകളും ആരോപണ പ്രത്യാരോപണങ്ങളും ഉണ്ടാകാനാണ് സാധ്യത.

റിപ്പോർട്ട്: ഏബ്രഹാം തോമസ്