വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഭക്‌തിനിർഭരമായി
Wednesday, October 19, 2016 12:57 AM IST
ഫീനിക്സ്: ഫീനിക്സ് ഹോളിഫാമിലി സീറോ മലബാർ ദേവാലയത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഭക്‌ത്യാദരപൂർവ്വം കൊണ്ടാടി. ജീതിവിവേചനവും ഉച്ചനീചത്വങ്ങളും അതിശക്‌തമായിരുന്ന ഒരു സാമൂഹ്യ വ്യവസ്‌ഥിതിയിലാണ് ബഹുമാനപ്പെട്ട കുഞ്ഞച്ചൻ തന്റെ പൗരോഹിത്യ ജീവിതം അധ:സ്‌ഥിതരായവർക്കുവേണ്ടി ധൈര്യപൂർവ്വം സമർപ്പിച്ചത്. സ്വന്തം ദൈന്യതകൾ മറന്നാണ് കൃശഗാത്രനായ കുഞ്ഞച്ചൻ ചെറിയവരിൽ ചെറിയവർക്കുവേണ്ടി സ്ന്തം ജീവിതം ഉഴിഞ്ഞുവെയ്ക്കുവാൻ മുന്നിട്ടിറങ്ങിയത്. പൊതു സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റിനിർത്തപ്പെട്ട ദളിതസമൂഹത്തെ ക്രിസ്തീയ ജീവിതത്തിന്റെ മുമ്പന്തിയിലെത്തിക്കുവാൻ കഴിഞ്ഞത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ലളിത ജീവിതശൈലിയും ക്രിസ്തീയ പരസ്നേഹവും മൂലമാണെന്നു തിരുനാൾ സന്ദേശം നൽകിയ ഫാ. എട്ടുപറയിൽ പറഞ്ഞു.



തിരുനാൾ കുർബാനയ്ക്കും മറ്റു തിരുകർമ്മങ്ങൾക്കും ഇടവക വികാരി ഫാ. ജോർജ് എട്ടുപറയിൽ കാർമികത്വം വഹിച്ചു. പൊന്നിൻകുരിശുകളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പരമ്പരാഗത ഭാരതീയ ക്രൈസ്തവാഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്നതായി. ചെണ്ടയും വാദ്യമേളങ്ങളും ആഘോഷങ്ങൾക്കു മേളക്കൊഴുപ്പ് ചാർത്തി. തിരുകർമ്മങ്ങളിൽ പങ്കെടുത്ത് നേർച്ചകാഴ്ചകൾ സമർപ്പിച്ച് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ അനുഗ്രഹം നേടുന്നതിനായി ഇടവകാംഗങ്ങൾ എല്ലാവരും കുടുംബസമേതം എത്തിച്ചേർന്നു. പരമ്പരാഗത ക്രൈസ്തവ രീതിയിലുള്ള നേർച്ച വിളമ്പും തിരുശേഷിപ്പ് വണങ്ങലും തിരുനാൾ പരിപാടികളെ ഭക്‌തിസാന്ദ്രമാക്കി.

പള്ളി ട്രസ്റ്റിമാരായ മനോജ് ജോണിന്റേയും, പ്രസാദ് ഫിലിപ്പിന്റേയും നേതൃത്വത്തിൽ വാർഡ് പ്രതിനിധി ഷാജു ഫ്രാൻസീസ് പരിപാടികളുടെ മുഖ്യ കോർഡിനേറ്ററായിരുന്നു. ഇടവകയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പേരിലുള്ള വാർഡുകാരാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം