ഐഎപിസി സംഗമം: മാധ്യമ മേഖലയ്ക്ക് പുത്തൻ ദിശാബോധം നൽകി
Wednesday, October 19, 2016 4:08 AM IST
കണക്ടിക്കട്ട്: വാർത്തകളുടെ മുന്നിലും പിന്നിലേക്കും സഞ്ചരിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളിലുള്ള മാധ്യമപ്രവർത്തകർ ഒത്തുചേർന്നു. ഒരു വാർത്തയിൽ, തലക്കെട്ടിൽ, ചിത്രത്തിൽ ലോകം ഉറ്റുനോക്കിയതിനു പിന്നിൽ പ്രവർത്തിച്ചതിന്റെ ആത്മാഭിമാനവും ആത്മഹർഷവുമായി. ആ കൂടിച്ചേരൽ മാധ്യമമേഖലയ്ക്ക് നൽകിയത് ഒരുപുത്തൻ ദിശാബോധമാണ്.

ഇന്തോ–അമേരിക്കൻ പ്രസ്ക്ലബിന്റെ (ഐഎപിസി) ഇന്റനാഷണൽ മീഡിയ കോൺഫറൻസാണ് സംഗമത്തിന് വേദിയായത്. കണക്ടിക്കട്ടിലെ ഹിൽട്ടൻ ഹോട്ടലിൽ നടന്ന കൺവൻഷനിൽ വിവിധ വിഷയങ്ങൾ ചർച്ചചെയ്തു. ആഴത്തിലുള്ള പഠനങ്ങൾ, അതിൽനിന്നുള്ള ആശങ്കകൾ, നിർദേശങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവയെല്ലാം വിഷയങ്ങളായി.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമ പ്രവർത്തകർക്കുപുറമെ മാധ്യമപ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.

സമാപന സമ്മേളനം കണക്ടിക്കട്ട് സ്റ്റേറ്റ് പ്രതിനിധി ഡോ. പ്രസാദ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഐഎപിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അമേരിക്കൻ മാധ്യമപ്രവർത്തകരും രാഷ്ര്‌ടീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. ഐഎപിസി നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു. ഐഎപിസിയുടെ ഇത്തവണത്തെ സത്കർമ അവാർഡ് നേടിയ തെരുവോരം മുരുകനേയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയുംകുറിച്ചും വൈസ് പ്രസിഡന്റ്് സിറിയക് സ്കറിയ പ്രസംഗിച്ചു. അമേരിക്കൻ കോൺഗ്രസിലേക്ക് മത്സരിക്കുന്ന മലയാളി പീറ്റർ ജേക്കബിനെ ചടങ്ങിൽ ആദരിച്ചു. രണ്ടുതവണ ഫിലിംഫെയർ അവാർഡ് നേടിയ ബോളിവുഡ് സിംഗർ ശാരദയുടെ ഗാനാലാപനം ശ്രദ്ധേയമായിരുന്നു. മൂന്നുദിവസം നീണ്ടുനിന്ന ഇന്റർനാഷണൽ മീഡിയ കൺവൻഷനിൽ അമേരിക്കൻ ഇലക്ഷൻ മുതൽ പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചുവരെ സംവാദം നടത്തി. പ്രതിനിധികളുടെ സമ്പൂർണ പങ്കാളിത്തം ചർച്ചകളെ സജീവമാക്കി.

ന്യൂയോർക്കിലെ ഇന്ത്യൻ ഡെപ്യുട്ടി കോൺസിലേറ്റ് ജനറൽ മനോജ് കെ. മൊഹപത്രയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. പ്രസ്ക്ലബിന്റെ ഈ വർഷത്തെ സുവനീർ ചീഫ് എഡിറ്റർ ഡോ. മാത്യുജോയിസ് ഡെപ്യൂട്ടി കോൺസുലേറ്റ് ജനറൽ മനോജ് കെ. മൊഹപത്രയ്ക്കു നൽകിപ്രകാശനം ചെയ്തു. അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം അറിയിക്കാൻ ഐഎപിസി വലിയ സംഭാവനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ വംശജർക്കുവേണ്ടി കോൺസുലേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചതിനൊപ്പം മാധ്യമങ്ങൾക്ക് സമുഹത്തിലുള്ള പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റിയും മാധ്യമങ്ങൾ സമൂഹത്തിൽ ചലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഐഎപിസി ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, പ്രസിഡന്റ് പർവീൺ ചോപ്ര, ജനറൽ സെക്രട്ടറി കോരസൺ വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ട്രഷറർ അനിൽമാത്യു, കോ ചെയർപേഴ്സൺ വിനീത നായർ, കൺവൻഷൻ ചെയർമാൻ മാത്തുക്കുട്ടി ഈശോ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിച്ചു. തുടർന്ന് പ്രസ് അക്കാദമി മുൻ ചെയർമാൻ എസ്.ആർ. ശക്‌തിധരൻ, മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ശേഖരൻ നായർ, റിപ്പോർട്ടർ ടിവി എംഡി എം.വി. നികേഷ് കുമാർ, ജയ്ഹിന്ദ് ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ജെ.എസ്. ഇന്ദുകുമാർ, ഏഷ്യാനെറ്റ് കോഓർഡിനേറ്റിംഗ് എഡിറ്റർ മാങ്ങാട് രത്നാകരൻ, രാഷ്ര്‌ടദീപിക കൊച്ചി എഡിറ്റർ ഇൻ ചാർജ് സുജിത്ത് സുന്ദരേശൻ, മഖ്യമന്ത്രിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, സീനിയർ ദൃശ്യമാധ്യമപ്രവർത്തകൻ സജി ഡൊമനിക്, കേരളീയം ജനറൽ സെക്രട്ടറി എൻ.ആർ. ഹരികുമാർ, മനോരമ ന്യൂസ് സീനിയർ കാമറമാൻ സിന്ധുകുമാർ, യുവ കവയത്രി മീര നായർ തുടങ്ങിയ മാധ്യമപ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോൺസൻ പുഞ്ചക്കോണം