പ്രസ്റ്റൺ കത്തീഡ്രൽ ദേവാലയത്തിൽ തിരുവചന വിരുന്ന് ഒക്ടോബർ 20, 21 തീയതികളിൽ
Wednesday, October 19, 2016 4:10 AM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രസ്റ്റൺ സെന്റ് അൽഫോൻസ കത്തീഡ്രലിൽ ഒക്ടോബർ 20, 21 (വ്യാഴം, വെള്ളി) തീയതികളിൽ നടക്കുന്ന തിരുവചന വിരുന്നിൽ പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ ശുശ്രൂഷ നയിക്കും. ഫാ.സാജു ഇലഞ്ഞിയിൽ, ഫാ.ഷൈജു നടുവത്താനി, ബ്രദർ ജോസഫ് താഞ്ചൽ, സാബു കാസർഗോഡ് തുടങ്ങിയർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെഹിയോൻ യുകെ മിനിസ്ട്രിയുടെ ടീം ഫാ.സോജി ഓലിക്കലിനൊപ്പം വിവിധ ശുശ്രൂഷകളിൽ പങ്കു ചേരും.

വ്യാഴം വൈകുന്നേരം 5.30ന് ജപമാല സമർപ്പണവും തുടർന്ന് മാർ സ്രാമ്പിക്കലിന്റെ ദിവ്യബലിയോടെ ധ്യാന ശുശ്രൂഷകൾ ആരംഭിക്കും. വെള്ളി രാവിലെ ഒമ്പതു മുതൽ 12 വരെ ആണ് തിരുവചന ശുശ്രൂഷകൾ ഒരുക്കിയിരിക്കുന്നത്.

യേശുവിന്റെ രക്ഷാകര പദ്ധതിയുടെ പൂർണതയാർന്ന ബൈബിൾ തിരുവചനങ്ങളിൽ ആശ്രയിച്ചും മനസിനെയും ജീവിതത്തെയും ദൈവേഷ്ടമായി ക്രമീകരിച്ചു കരുണയും സ്നേഹവും പങ്കുവച്ച് ദൈവ കൃപയിൽ മുന്നേറു വാനുമുള്ള മാനസികവും ആൽമീയവുമായ ഒരുക്കത്തിന് അനുഗ്രഹപ്രദമായ വചന ശുശ്രൂഷയിലേക്കു കത്തീഡ്രൽ വികാരി ഫാ.മാത്യു ചൂരപൊയ്കയിൽ ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ