ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
Wednesday, October 19, 2016 4:12 AM IST
ഫ്രാങ്ക്ഫർട്ട്: അറുപത്തിഎട്ടാമത് അന്തരാഷ്ട്ര പുസ്തകമേള (ബുക്ക് ഫെയർ) ഹോളണ്ട് രാജാവ് വില്യം അലക്സാണ്ടർ, ബെൽജിയം രാജാവ് ഫിലിപ്പ് എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഹെസൻ സംസ്‌ഥാന മുഖ്യമന്ത്രി ഫോൾക്കർ ബുഫെർ, ഫ്രാങ്ക്ഫർട്ട് സിറ്റി മേയർ പീറ്റർ ഫെൽഡ്മാൻ, ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര ബുക്ക് ഫെയർ ഡയറക്ടർ ജൂർഗൻ ബൂസ്, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് മാർട്ടിൻ ഷൂൾസ് എന്നിവർ സംസാരിച്ചു. ഒക്ടോബർ 23 വരെയാണ് ബുക്ക് ഫെയർ.

ഈ വർഷത്തെ അതിഥി രാജ്യം നെതർലൻഡും ഫ്ളാനേഡേഴ്സും (ബെൽജിയം) ആണ്. ഈ രാജ്യങ്ങളിൽ നിന്നും 102 പ്രദർശകർ പുസ്തകമേളയിൽ പങ്കെടുക്കുന്നു. ഇവർ ഹാൾ 04–05 എന്നിവയിൽ തങ്ങളുടെ പുസ്തക പ്രദർശനം കാഴ്ചവയ്ക്കുന്നു. മൂന്ന് ലക്ഷം സന്ദർശകരെയാണ് ഈ വർഷം ഫ്രാങ്ക്ഫർട്ട് മെസെ പ്രതീക്ഷിക്കുന്നത്. ഇതിനോടകം 101 രാജ്യങ്ങളിൽ നിന്നായി 10,000 മാധ്യമപ്രവർത്തകർ ബുക്ക് ഫെയർ റിപ്പോർട്ട് ചെയ്യാൻ ഫ്രാങ്ക്ഫർട്ടിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും 46 പ്രസാധകർ പുസ്തകമേളയിൽ പങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്നുമുള്ള പ്രദർശകർ ഹാൾ 06 ആണ് തങ്ങളുടെ പുസ്തക പ്രദർശനം കാഴ്ചവയ്ക്കുന്നത്. കേരളത്തിൽ നിന്നും തിരൂർ മലയാളം യൂണിവേഴ്ിറ്റി, ഡിസി ബുക്സ് എന്നിവരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അതിഥി രാജ്യങ്ങളായ ഹോളണ്ട്, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുമുള്ള കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. ഇന്ന് മുതൽ 10 വരെ എഴുത്തുകാർക്കും പ്രദശകർക്കും വിദഗ്ധർക്കും മാധ്യമപ്രവർത്തകർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. 22 – 23 തീയതികളിൽ പൊതുജനങ്ങൾക്ക് പുസ്തകമേള സന്ദർശിക്കാൻ അവസരമുണ്ടായിരിക്കും.

റിപ്പോർട്ട്: ജോർജ് ജോൺ