ഇന്ത്യ ഫെസ്റ്റ് 2016: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Wednesday, October 19, 2016 4:14 AM IST
ഹൂസ്റ്റൺ: ഇമ്മാനുവൽ മാർത്തോമ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2016’ ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 29ന് (ശനി) രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെ നീളുന്ന ഇന്ത്യാ ഫെസ്റ്റ് പരിപാടികൾ സ്റ്റാഫോർഡിലുളള ഇമ്മാനുവൽ മാർത്തോമ ദേവാലയപരിസരത്താണ് സംഘടിപ്പിച്ചിരിക്കുന്നത്. പാരമ്പര്യ തനിമ വിടാതെ ഗൃഹാതുരത്വ ചിന്തകളെ തട്ടിയുണർത്തുന്നവിധം വിവിധ പരിപാടികളാണ് ഫെസ്റ്റിന് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വർണപകിട്ടാർന്ന പരിപാടികൾ ഇന്ത്യാ ഫെസ്റ്റിന് മാറ്റുകൂട്ടും. ഹൂസ്റ്റണിലെ പ്രമുഖ കലാപ്രതിഭകൾ വിവിധ കലാപരിപാടികളുമായി മാറ്റുരയ്ക്കുന്ന ഇന്ത്യാ ഫെസ്റ്റിൽ കൾചറൽ പ്രോഗ്രാമുകൾ, ഫാൻസിഡ്രസ്, ഫാഷൻ ഷോ, മിമിക്രി, ഫെയ്സ് പെയന്റിംഗ്, ഹൂസ്റ്റണിലെ പ്രശസ്ത ഡാൻസ് ഗ്രൂപ്പുകളുടെ നൃത്തം, ഗാനങ്ങൾ തുടങ്ങിയവ അരങ്ങേറും. ഇന്ത്യയിലെ വിവിധ രുചിഭേദങ്ങളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ സ്റ്റാളുകൾ ഇന്ത്യാ ഫെസ്റ്റിനെ ആകർഷകമാക്കും. വൈകുന്നേരം ഏഴു മുതൽ ടെക്സസിലെ പ്രശസ്ത മ്യൂസിക് ട്രൂപ്പായ വോയ്സ് ആൻഡ് ബീറ്റ്സിന്റെ ഗാനമേളയും ഫെസ്റ്റിന്റെ ഭാഗമായിരിക്കും.

ഇന്ത്യാ ഫെസ്റ്റിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ഈ മേളയിൽ നിന്നും ലഭിക്കുന്ന വരുമാനം ഇടവകയുടെ ബിൽഡിംഗ് ഫണ്ടിനും ജീവകാരുണ്യ പദ്ധതികൾക്കുമായി ഉപയോഗിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണിലെ എല്ലാ പ്രവാസി മലയാളികളെയും ജാതി മത ഭേദമന്യേ സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ സബാൻ സാം അറിയിച്ചു.

വിവരങ്ങൾക്ക്: സബാൻ സാം (ജനറൽ കൺവീനർ) 713 392 9879.

റിപ്പോർട്ട്: പി.പി. ചെറിയാൻ