എഫ്സിസി ടെക്സസ് കപ്പ് സോക്കർ ടൂർണമെന്റ്: ഡാളസ് ഡൈനാമോസ് ചാമ്പ്യൻമാർ
Wednesday, October 19, 2016 4:17 AM IST
ഡാളസ്: അഞ്ചാമത് ടെക്സസ് കപ്പ് ഓപ്പൺ സോക്കർ ടൂർണമെന്റിൽ ഡാളസ് ഡൈനാമോസ് ചാമ്പ്യൻമാരായി. ഫൈനലിൽ ഹൂസ്റ്റൺ സ്ട്രൈക്കേഴ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഡൈനാമോസ് ചാമ്പ്യന്മാരായത്. ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് റണ്ണേഴ്സ് അപ്പ് ആയി.

ടൂർണമെന്റിൽ ആറു ഗോൾ നേടി ഒക്ലഹോമയുടെ ജോഷ് വർഗീസ് ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് ട്രോഫി നേടി. മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി ജിബി ഏബ്രഹാം (ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ്), മികച്ച ഡിഫൻഡർ ഏയ്സൺ ആന്റോ (ഡാളസ് ഡൈനാമോസ്), മികച്ച ഗോളിയായി മൈക്കിൾ ജോൺ (ഡാളസ് ഡൈനാമോസ്) എന്നിവരും മികച്ച പ്രകടനത്തിനുള്ള വ്യക്‌തിഗത ട്രോഫികൾ സ്വന്തമാക്കി.

ഡാളസ്, ഹൂസ്റ്റൺ, ഒക്ലഹോമ സിറ്റി തുടങ്ങിയ നഗരങ്ങളിൽ നിന്നായി ഒൻപതു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. മൂന്നു പൂളുകളിലായി ലീഗ് റൗണ്ടുകളും തുടർന്നു നോക്ക്ഔട്ട് മത്സരങ്ങളും നടന്നു. ഇഞ്ചോടിഞ്ചു പോരാട്ടമാണ് മിക്ക മത്സരങ്ങളിലും അരങ്ങേറിയത്. മികച്ച രീതിയിൽ ടൂർണമെന്റ് ഒരുക്കി ആതിഥേയരായ എഫ്സിസിയും ടീമുകളുടെ പ്രശംസ നേടി.

ഗ്രാന്റ് സ്പോൺസർ ജോജോ കോട്ടയ്ക്കൽ (ജോജോ കാർ സർവീസ്), ഗോൾഡൻ സ്പോൺസർ ഷിനു പുന്നൂസ് (എക്സ്പ്രസ് ഫാർമസി കരോൾട്ടൻ) എന്നിവർ യഥാക്രമം വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുളള ട്രോഫികൾ സമ്മാനിച്ചു. നെക്സ്റ്റ് ലെവൽ ടാക്സ് സിൽവർ സ്പോൺസറും ബിനോയ് ചെന്നൈ കഫേ എംവിപി ട്രോഫി സ്പോൺസറും ആയിരുന്നു.

പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), നവീൻ വിപിൻ (ട്രഷറർ), മനോജ് പൗലോസ്, ലിനോയ് ജോയ് (എഫ്സിസി കോച്ചസ്), ജിബി ജോൺ, സഞ്ജു നൈനാൻ, വിനോദ് ചാക്കോ, വർഗീസ് തോമസ് (ജോസ്) എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ