ദസറ: സന്ദർശകർ കുറഞ്ഞു
Wednesday, October 19, 2016 4:53 AM IST
മൈസൂരു: ഇത്തവണത്തെ ദസറയിൽ സന്ദർശകരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ കുറവ് രേഖപ്പെടുത്തി. കാവേരി വിഷയത്തിൽ സംസ്‌ഥാന വ്യാപകമായി നടന്ന സംഘർഷങ്ങളാണ് ദസറയിലും പ്രതിഫലിച്ചത്.

ഈ മാസം ഒന്നു മുതൽ 12 വരെ മൈസൂരു കൊട്ടാരത്തിൽ 1,10,442 പേരാണ് എത്തിയത്. ഇവരിൽ 1,189 പേർ വിദേശികളാണ്. ഈവർഷം സന്ദർശകരുടെ എണ്ണത്തിൽ 40 ശതമാനം ഇടിവാണുണ്ടായത്. മൃഗശാലയിൽ മാത്രമാണ് ശരാശരി എണ്ണമെങ്കിലും സന്ദർശകരെത്തിയത്.

ഈമാസം രണ്ടു മുതൽ 11 വരെ 1.24 ലക്ഷം സന്ദർശകരാണ് മൃഗശാലയിലെത്തിയത്. 11ന് മാത്രം 25,505 പേർ മൃഗശാല സന്ദർശിച്ചെന്നാണ് കണക്ക്. ദസറയ്ക്ക് നിരവധി സന്ദർശകരെത്തുന്ന ചാമുണ്ഡിമല. വൃന്ദാവൻ, കൃഷ്ണരാജസാഗർ അണക്കെട്ട്, നഞ്ചൻകോട് ശ്രീകൃഷ്ണേശ്വര ക്ഷേത്രം എന്നിവിടങ്ങളിലും ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.