ഓണത്തനിമ 2016: ഒക്ടോബർ 21ന്
Wednesday, October 19, 2016 8:10 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളുടെ ഐക്യഓണാഘോഷമായ ‘ഓണത്തനിമ 2016’ ഒക്ടോബർ 21ന് (വെള്ളി) വൈകുന്നേരം അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ അരങ്ങേറും.

പൊതുസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ സാമൂഹ്യ, സാംസ്കാരിക നായകർ സന്നിഹിതരായിരിക്കും. തനിമയും പ്രോമിസ് കുവൈറ്റും ചേർന്നൊരുക്കുന്ന എ.പി.ജെ അബ്ദുൾകലാം പേൾ ഓഫ് കുവൈറ്റ് പുരസ്കാരജേതാവിനെ സമ്മേളനത്തിൽ പ്രഖ്യാപിക്കും.

കുവൈറ്റിലെ 20 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് ഓൾറൗണ്ട് മികവോടെ തെരഞ്ഞെടുക്കപ്പെട്ട പേൾ ഓഫ് ദി സ്കൂൾ ജേതാക്കളിൽ നിന്ന് Promisekuwait.com ലൂടെ നടത്തിയ ഓൺലൈൻ വോട്ടെടുപ്പ്, പ്രസംഗം, ക്വിസ്മത്സരങ്ങൾ, എന്നിവയടക്കം വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച പ്രതിഭാനിർണയത്തിന്റെ അടിസ്‌ഥാനത്തിലാണ് പേൾ ഓഫ് കുവൈറ്റിനെ തെരഞ്ഞെടുക്കുന്നത്. 20 സ്കൂളുകളിൽ നിന്നൂം പേൾ ഓഫ് ദി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അവാർഡുകളും സമ്മേളനത്തിൽ സമ്മാനിക്കും. കുവൈത്തിലെ പ്രവാസി ആഘോഷങ്ങളിൽ ഉത്സാഹനിറവിന്റെ ഉത്സവമേളയെന്ന് പേരെടുത്ത ഓണത്തനിമയും ഗൾഫിലെ ഏറ്റവും വലിയ വടംവലി ചാമ്പ്യൻഷിപ്പായ ദേശീയ വടംവലിയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

ഓണത്തനിമയ്ക്ക് തുടക്കം കുറിച്ചുകൊണ്ടു നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ കേരളത്തിന്റെ വൈവിധ്യമാർന്ന നാടൻ കലാരൂപങ്ങൾ അണിനിരക്കും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ്, മ്യൂസികൽ ഫ്യൂഷൻ തുടങ്ങിയവയടക്കം ആകർഷകമായ വ്യത്യസ്തയിനങ്ങൾ ഇത്തവണയും ഓണത്തനിമയെ ആകർഷകമാക്കും.

കുവൈത്തിലെ ഇന്ത്യൻ സംഘടനകളുടെ വിശദാംശങ്ങളടങ്ങിയ ഡയറക്ടറിയുടെ പുതിയ പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ