ലിയോനാർഡോ ഡി കാപ്രിയോക്ക് പാരീസിൽ ഉജ്‌ജ്വല സ്വീകരണം
Wednesday, October 19, 2016 8:11 AM IST
പാരീസ്: ഓസ്കാർ അവാർഡ് ജേതാവും ഐക്യരാഷ്ര്‌ട സഭയുടെ പരിസ്‌ഥിതി അംബാസഡറുമായ ലിയോനാർഡോ ഡി കാപ്രിയോക്ക് ലോകത്തിന്റെ സാംസ്കാരിക തലസ്‌ഥാനമായ പാരീസിൽ ഉജ്‌ജ്വല സ്വീകരണം. കാലാവസ്‌ഥാ വ്യതിയാനത്തിനെതിരെയുള്ള തന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിന്റെ ലോക പ്രീമിയർ പ്രദർശനത്തിനെത്തിയതായിരുന്നു ഡി കാപ്രിയോ.

ചിത്രത്തിന്റെ സംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ ഫിഷർ സ്റ്റീവൻസിനൊപ്പമാണ് അദ്ദേഹം പാരീസിലെത്തിയത്. പാരീസ് കോർപറേഷനും നാഷണൽ ജ്യോഗ്രഫിക് ചാനലും സംയുകതമായാണ് പരിപാടി സംഘടിപ്പിച്ചത്.

കാലാവസ്‌ഥാ വ്യതിയാനം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളും അതിനുള്ള പരിഹാരങ്ങളും നിർദേശിക്കുന്ന ഡോക്യുമെന്ററിക്ക് ഒന്നര മണിക്കൂർ ദൈർഘ്യം ഉണ്ട്. പരിസ്‌ഥിതി മലിനീകരണത്തിന് പേരുകേട്ട ചൈന, ഇന്ത്യ, ഇന്തോനേഷ്യ, കാനഡയിലെ ആൽബെർട്ട, ആർടിക് മേഖല തുടങ്ങിയ ഇടങ്ങളിലെല്ലാം ഡി കാപ്രിയോയും സംഘവും സന്ദർശനം നടത്തിയ ശേഷമാണ് ഡോക്യുമെന്ററി തയാറാക്കിയത്. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, ജോൺ കെറി, ഇന്ത്യൻ പരിസ്‌ഥിതി പ്രവർത്തകർ, ചൈനീസ് പരിസ്‌ഥിതി മന്ത്രി തുടങ്ങിയവരുമായുള്ള അഭിമുഖവും ഡോക്യുമെന്ററിയിൽ ഉണ്ട്. വരും തലമുറയ്ക്ക് മഞ്ഞു മൂടിക്കിടക്കുന്ന പർവതങ്ങൾ കാണണമെങ്കിൽ അത് ചിത്രങ്ങളിലൂടെ മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്നും തന്റെ ഓസ്കാർ അവാർഡ് ചിത്രമായ ‘റെവനന്റ്’ ചിത്രീകരിക്കുന്നതിന് കനത്ത മഞ്ഞു തേടി നിരവധി സ്‌ഥലങ്ങളിലൂടെ അലയേണ്ടി വന്നതായും ഡി കാപ്രിയോ പറഞ്ഞു. കാലാവസ്‌ഥാ വ്യതിയാനം മുമ്പെങ്ങുമില്ലാത്ത വിധം വളരെ ശക്‌തമാണ്. സമാന്തര ഊർജ്‌ജ സ്രോതസുകളെ ആശ്രയിച്ചില്ലെങ്കിൽ വൻദുരന്തമാകും സമീപ ഭാവിയിൽ നാം അഭിമുഖീകരിക്കേണ്ടി വരിക എന്നും ഡി കാപ്രിയോ പറഞ്ഞു.

പാരീസിലെ പ്രസിദ്ധമായ ഷറ്റ്ലേ തീയേറ്ററിൽ നടന്ന പ്രദർശനത്തിൽ ഫ്രഞ്ച് പരിസ്‌ഥിതി മന്ത്രി സെഗ്ലിൻ റോയാൽ, പാരീസ് മേയർ ആൻ ഹിഡാല്ഗോ, നാഷണൽ ജ്യോഗ്രഫിക് ചാനൽ ഡയറക്ടർ ജനറൽ ഒലീവിയർ ബ്രാംലി തുടങ്ങിയവരും ഫ്രാൻസിലെ നിരവധി ചലച്ചിത്ര താരങ്ങളും തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകരും പങ്കെടുത്തു. പാരീസിൽ താമസിക്കുന്ന മലയാളി കെ.കെ.അനസും പ്രത്യേക ക്ഷണിതാവായി ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ 30ന് നാഷണൽ ജ്യോഗ്രഫിക് ചാനൽ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ