ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ അവാർഡിന് പിന്തുണയുമായി ഡോ. ഫ്രിമു വർഗീസ്
Wednesday, October 19, 2016 8:14 AM IST
ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാർഡിന് പിന്തുണയുമായി അമേരിക്കയിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. ഫ്രീമു വർഗീസ്.

വൈദ്യശാസ്ത്ര രംഗത്ത് മാത്രമല്ല ഡോ. ഫ്രിമു വർഗീസ് മികച്ച സ്റ്റേജ് ഷോകൾ അവതരിപ്പിക്കുന്ന ഫ്രീഡിയ എന്റർടെയ്ന്റ്മെന്റിന്റെ പ്രസിഡന്റ് കൂടിയാണ്. ഇന്ത്യയിൽ സിനിമ നിർമാണത്തിനു പുറമെ അമേരിക്കയിലും കാനഡയിലും വന്നിട്ടുള്ള പ്രധാന സ്റ്റേജ് ഷോകളുടെ പിന്നിൽ ഫ്രീഡിയ ഉണ്ട്. പ്രശസ്തമായ ഹൂസ്റ്റൺ ഡയഗ്നോസ്റ്റിക് ക്ലിനിക്കിലെ നെഫ്രോളജിസ്റ്റ് ആയ ഡോ. ഫ്രിമു കലാസ്നേഹിയും മാധ്യമങ്ങളുമായും മാധ്യമ പ്രവർത്തകരുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്‌തിത്വമാണ്. ഡോ. ഫ്രിമുവിന്റെ സ്പോൺസർഷിപ്പ് ഇന്ത്യ പ്രസ് ക്ലബ് ഏറ്റുവാങ്ങുന്നതായി പ്രസിഡന്റ് ശിവൻ മുഹമ്മ പറഞ്ഞു.

ഹൂസ്റ്റണിൽ നവംബർ 19ന് നടക്കുന്നന്ന മാധ്യമശ്രീ അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത് ആറന്മുള എംഎൽഎ വീണ ജോർജിനെയാണ്. കേരള മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ബാബു പോൾ ചെയർമാനും കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവുമായ ജോൺ ബ്രിട്ടാസ്, കേരള പ്രസ് അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ജോർജ് ജോസഫ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് മാധ്യമശ്രീ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ചടങ്ങിലേക്ക് എല്ലാ മാധ്യമ സ്നേഹികളേയും നാഷണൽ പ്രസ് ക്ലബ് ഭാരവാഹികളായ ശിവൻ മുഹമ്മ, ജോർജ് കാക്കനാട്, ജോസ് കാടാപ്പുറം, രാജു പള്ളത്ത്, പി.പി. ചെറിയാൻ, അനിൽ ആറൻമുള എന്നിവർ സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം