സംവാദം: ആരോപണ പ്രത്യാരോപണങ്ങളുമായി ഹില്ലരിയും ട്രംപും
Thursday, October 20, 2016 2:44 AM IST
ലാസ് വേഗാസ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇരുസ്‌ഥാനാർഥികളും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തേതുമായ സംവാദത്തിൽ ശക്‌തമായ ആരോപണ പ്രത്യാരോപണങ്ങളുമായി ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണും റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപും. തോക്ക് കൈവശം സൂക്ഷിക്കുന്നതിന് പുതിയ നിയമം ആവശ്യമാണ്. തോക്ക് ലോബിയാണ് ട്രംപിന്റെ പ്രചാരണത്തിന്റെ പണം മുടക്കുന്നതെന്നും ഹില്ലരി ആരോപിച്ചു. എന്നാൽ തോക്ക് കൈവശം വയ്ക്കാനുള്ള ജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

ലാസ് വേഗാസിലെ നെവാഡാ യൂണിവേഴ്സിറ്റിയാണ് സംവാദത്തിനു വേദിയായത്.
ട്രംപ് തെരഞ്ഞെടുക്കപ്പെടണമെന്നത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ആവശ്യമാണ്. എന്തെന്നാൽ യുഎസ് പ്രസിഡന്റ് സ്‌ഥാനത്തേക്ക് ഒരു പാവ എത്തണമെന്നാണ് പുടിൻ ആഗ്രഹിക്കുന്നതെന്നും ഹില്ലരി പരിഹസിച്ചു. രാജ്യത്തിന് തുറന്ന അതിർത്തിയാണ് വേണ്ടതെന്ന ഹിലരിയുടെ നിർദേശത്തെ ട്രംപ് എതിർത്തു. രാജ്യത്തിന് സുരക്ഷിത അതിർത്തിയാണ് വേണ്ടത്. തെക്കൻ അതിർത്തിയിൽ മതിൽ പണിയുമെന്നും ട്രംപ് പറഞ്ഞു.

ഹില്ലരി മുമ്പോട്ടുവെച്ച നികുതി നിരക്ക് ജനങ്ങളുടെ നികുതി ഭാരം കൂട്ടുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ ഏഴും ചൈന എട്ടും ശതമാനവും സാമ്പത്തിക വളർച്ച നേടിയപ്പോൾ അമേരിക്ക ഒരു ശതമാനം വളർച്ച മാത്രമാണ് നേടിയതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബdക് ഒബാമയുടെ സാമ്പത്തിക നയങ്ങൾ ഗുണകരമായെന്നാണ് തന്റെ അഭിപ്രായമെന്ന് ഹില്ലരി പറഞ്ഞു. ഗർഭച്ഛിദ്രം, സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ഹില്ലരി സംവാദം ആരംഭിച്ചത്. ലൈംഗീക ആരോപണങ്ങൾ ട്രംപിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ.