റൂബി ജൂബിലിയുടെ നിറവിൽ ഫിലഡൽഫിയ മാർത്തോമ ചർച്ച്
Thursday, October 20, 2016 3:19 AM IST
ഫിലഡൽഫിയ: പെൻസിൽവാനിയയിലെ മാർത്തോമ സമൂഹത്തിന്റെ ആദ്യത്തെ പള്ളിയായ ഫിലഡൽഫിയ മാർത്തോമ ഇടവക ഒക്ടോബറിൽ 23ന് (ഞായർ) റൂബി ജൂബിലിയുടെ നിറവിൽ. ആരാധനയ്ക്കുശേഷം ചേരുന്ന സമ്മേളനത്തിൽ നാല്പതാം വാർഷികം ആഘോഷത്തോടനുബന്ധിച്ച് എൺപതു വയസിനു മുകളിൽ പ്രായമുള്ള ഇടവകാംഗങ്ങളെ ആദരിക്കും.

1976 ഒക്ടോബർ ഒന്നിനു റവ. കെ.എസ് മാത്യുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൺഗ്രിഗേഷൻ 1983–ൽ പാരീഷ് പദവിയിലേക്കു ഉയർത്തപ്പെട്ടു. ഇപ്പോൾ അഞ്ച് ഇടവകകളിലായി അഞ്ച് മുഴുവൻസമയ വൈദീകരുടേയും ഒരു യൂത്ത് ചാപ്ലിന്റേയും നേതൃത്വത്തിൽ ആയിരത്തിൽപ്പരം കുടുംബങ്ങൾ ക്രൈസ്തവ സ്നേഹത്തിന്റെ മാതൃകയായി ഫിലഡൽഫിയയിലും സമീപ പ്രദേശങ്ങളിലും സഭാജീവിതത്തിൽ സജീവപങ്കാളികളാകുന്നു. ദിവംഗതനായ റവ. എം.സി. ജോർജ് ദീർഘവീക്ഷണത്തിൽ 1989–ൽ സ്വന്തമായി ദേവാലയം വാങ്ങുവാൻ ഇടവക സമൂഹത്തിനു സാധിച്ചു.

പിന്നീട് ഫോർട്ട് വാഷിംഗ്ടണിൽ കൂടുതൽ വിസ്തൃതവും മനോഹരവുമായ നിലവിലുള്ള ദേവാലയം റവ. ഫിലിപ്പ് ജോർജിന്റെ നേതൃത്വത്തിൽ സ്‌ഥാപിതമായി. ഇപ്പോഴത്തെ വികാരി റവ. റെജി തോമസിന്റെ നേതൃത്വത്തിൽ സണ്ണി ഏബ്രഹാം (വൈസ് പ്രസിഡന്റ്), വിൻ രാജൻ (സെക്രട്ടറി), ജോർജ് മാത്യു (ട്രസ്റ്റി), ഷൈനി മാത്യു (അക്കൗണ്ടന്റ്) എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ഇടവകയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം