ഷിക്കാഗോ: പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ഒക്ടോബർ 28, 29, 30 തീയതികളിൽ
Thursday, October 20, 2016 3:20 AM IST
ഷിക്കാഗോ: ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവ് പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനാലാം ഓർമപ്പെരുന്നാൾ ഒക്ടോബർ 28, 29, 30 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആചരിക്കുന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിനു പ്രാരംഭം കുറിച്ചുകൊണ്ട് 28ന് (വെള്ളി) വൈകുന്നേരം ഏഴിന് സന്ധ്യാപ്രാർഥന, പരിശുദ്ധന്റെ നാമത്തിലുള്ള മധ്യസ്‌ഥ പ്രാർഥന, രോഗികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന, ധ്യാന പ്രസംഗം എന്നിവ നടക്കും.

29ന് (ശനി) വൈകുന്നേരം ആറിന് കത്തീഡ്രലിൽ എത്തുന്ന മെത്രാപ്പോലീത്തയേയും മറ്റു വിശിഷ്ടാതിഥികളേയും വികാരി ഫാ. ദാനിയേൽ ജോർജിന്റെ നേതൃത്വത്തിൽ വിശ്വാസികൾ കത്തീഡ്രലിലേക്ക് ആനയിക്കും. 6.30ന് കൊടിയേറ്റ് നടക്കും. ഏഴിന് സന്ധ്യാപ്രാർഥന, ആശീർവാദം എന്നിവ നടക്കും. തുടർന്ന് പരുമല മാർ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനം നടക്കും. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് അധ്യക്ഷത വഹിക്കും.

30ന് (ഞായർ) രാവില 8.30ന് പ്രഭാത നമസ്കാരവും 9.30ന് ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാനയും തുടർന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാസ, ധൂപ പ്രാർഥന, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന് എന്നിവ നടക്കും. കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും.

പെരുന്നാളിന്റെ വിപുലമായ നടത്തിപ്പിനുവേണ്ടി ജോൺ പി. ജോൺ, റീന വർക്കി, ഏരൻ പ്രകാശ്, റേച്ചൽ ജോസഫ്, ഷിബു മാത്യു, ഗ്രിഗറി ദാനിയേൽ (ജനറൽ കൺവീനർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം